LogoLoginKerala

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഞായറാഴ്ച

 
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഞായറാഴ്ച

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തിനു നാളെ തുടക്കം. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ അവസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സിംബാബ്‌വെയാണ് സൂപ്പര്‍ 12ലെ അവസാന ടീമായി കയറി പറ്റിയത്. ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായ സിംബാബ്‌വെ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് 2ൽ മത്സരിക്കും. നിര്‍ണായക പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 58 റണ്‍സെടുത്ത ക്രെയ്‌ഗ് ഇര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും സിക്കന്ദര്‍ റാസയും(23 പന്തില്‍ 40), ക്രെയ്ഗ് ഇര്‍വിന്‍(54 പന്തിൽ 58) എന്നിവർ ചേർന്ന് സിംബാബ്‌വെയെ കരകയറ്റുകയായിരുന്നു. നാലാമനായി റാസ പുറത്താകുമ്പോളേക്കും സിംബാബ്‌വെ ലക്ഷ്യത്തിന് അടുത്തെത്തിയിരുന്നു. എന്നാൽ ഒരു ഓവറിന് ശേഷം ഇര്‍വിനും മടങ്ങിയതോടെ സിംബാബ്‌വെ ഒന്ന് പരുങ്ങിയെങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ മിള്‍ട്ടണ്‍ ഷുംബയും(11), റയാന്‍ ബേളും(9) ചേര്‍ന്ന് സിംബാബ്‌വെയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് ജോര്‍ജ് മുന്‍സി (51 പന്തില്‍ 54)യുടെ പോരാട്ട മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. തുടക്കത്തില്‍ പതറിയ സ്കോട്‌ലന്‍ഡിനെ മക്‌ലോയ്ഡ് (25), ക്യാപ്റ്റന്‍ ബെറിങ്ടണ്‍ (13), ലീസ്ക് (12) എന്നിവരുടെ ബാറ്റിംഗ് മികവാണ് 132 റണ്‍സിലെത്തിച്ചത്.

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഞായറാഴ്ച

സൂപ്പര്‍ 12ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, സിംബാബ്‌വെ എന്നിങ്ങനെയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകള്‍. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്ഗാനിസഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. നാളെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്- അഫ്‌ഗാനിസ്ഥാൻ പോരാട്ടത്തോടെയാണ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കാമകുക. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്താനെതിരെയാണ്. ഉച്ചക്ക് 1.30 നാണ് മത്സരം.