സൂപ്പർ കപ്പിൽ ഇന്ന് ഐ എസ് എൽ- ഐ ലീഗ് പോരാട്ടം
Apr 8, 2023, 07:25 IST
സൂപ്പർ കപ്പ് ഫുട്ബോളിൽ ഇന്ന് കോഴിക്കോട് ഐ.എസ്.എൽ.-ഐ ലീഗ് പോരാട്ടം. ഇന്ത്യൻ സൂപ്പർ ലീഗിലെ റണ്ണറപ്പായ ബെംഗളൂരു എഫ്.സി. ഉദ്ഘാടനമത്സരത്തിൽ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി െഡക്കാനുമായി ഏറ്റുമുട്ടുമ്പോൾ സൂപ്പർ ലീഗിലെ മറ്റൊരു ശക്തിയായ കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ േനരിടും. ആദ്യകളി വൈകീട്ട് അഞ്ചിനും രണ്ടാമത്തെ കളി രാത്രി എട്ടരയ്ക്കുമാണ്.
നായകൻ യുറഗ്വായുടെ അഡ്രിയാൻ ലൂണയും പരിക്കിലുള്ള ജെസ്സൽ കർനേറിയോയും വിലക്കിലുള്ള കോച്ച് ഇവാൻ വുകോമാനോവിച്ചും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടെത്തുന്നത്. മധ്യനിരയിൽ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാകും. ഐ.എസ്.എൽ. പ്ലേ ഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിനായി സീസണിൽ ലൂണയ്ക്ക് നാലു ഗോളും ആറ് അസിസ്റ്റുമുണ്ടായിരുന്നു. എന്നാൽ, പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം യുവനിര നികത്തുമെന്ന പ്രതീക്ഷയിലാണ്. വുേകാമാനോവിച്ചിന് പകരമായി ഫ്രാങ്ക് ഡൗവനാണ് ചുമതല. ബെംഗളൂരുവിനെതിരായ ഐ.എസ്.എൽ. പ്ലേ ഓഫിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളംവിട്ടിരുന്നു. തുടർന്ന് കോച്ച് വുേകാമാനോവിച്ചിന് പത്തുകളിയിൽ വിലക്കുവന്നു. ഐ.എസ്.എലിലെ തോൽവിക്ക് കണക്കുതീർക്കുകയാകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ഐ ലീഗിൽ സ്വപ്നതുല്യമായ പ്രകടനം നടത്തി ചാമ്പ്യന്മാരായാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് സൂപ്പർ കപ്പിന് യോഗ്യതനേടിയത്. 16 ഗോളടിച്ച് ടോപ് സ്കോററായ സ്ലോവേനിയൻ ഫോർവേഡ് ലൂക മജേസൻ സൂപ്പർ കപ്പിലും എതിരാളികൾക്ക് വെല്ലുവിളിയാവും. നോച്ചാ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പ്രതിരോധവും ശക്തമാണ്.
ഐ.എസ്.എൽ. ഫൈനലിൽ കൊൽക്കത്ത മോഹൻ ബഗാനോട് ടൈബ്രേക്കറിൽ തോറ്റതിന്‍റെ നിരാശതീർക്കാനാണ് ബെംഗളൂരു എത്തുന്നത്. ഐ.എസ്.എലിലെ കിരീടനഷ്ടം സൂപ്പർ കപ്പ് നേടി നികത്താനാവുമെന്ന് സുനിൽ ഛേത്രിയും സംഘവും പ്രതീക്ഷിക്കുന്നു.
മുന്നേറ്റനിരയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്കൊപ്പം റോയ് കൃഷ്ണയും യുവതാരം ശിവശക്തി നാരായണനും സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ പ്രതിരോധവുമുണ്ട്. സൂപ്പർ കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായാണ് ബെംഗളൂരുവിനെ വിലയിരുത്തുന്നത്. ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായാണ് ശ്രീനിധിയുടെ വരവ്. യോഗ്യതാ മത്സരത്തിൽ നെറോക്ക എഫ്.സി. യെ രണ്ടിനെതിരേ നാലുഗോളുകൾക്ക് തകർത്ത പ്രകടനം അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഐ ലീഗിലെ 22 കളിയിൽ ടീം അടിച്ചുകൂട്ടിയത് 44 ഗോളുകളാണ്. 15 ഗോളുമായി പടനയിച്ച കൊളംബിയൻ ഫോർവേഡ് ഡേവിഡ് കസ്റ്റാനിഡ മുന്നേറ്റനിരയിൽ ശ്രീനിധിയുടെ തുരുപ്പുചീട്ടാകും.