LogoLoginKerala

പൊരുതിതോറ്റു; ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ ടൈബ്രേക്കറിൽ കീഴടങ്ങി

 
Chess world championship
ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോട് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്. 
ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആർ പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോർവീജിയന്‍ ഇതിഹാസം മാഗ്നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാള്‍സണ്‍- പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.  2000, 2002 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടുമ്പോള്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പിച്ചാണ് ആർ പ്രഗ്നാനന്ദ തന്‍റെ ആദ്യ ചെസ് ലോകകപ്പില്‍ ഫൈനലിലേക്ക് കുതിച്ചത്. എന്നാല്‍ ടൈബ്രേക്കറില്‍ ഒന്നര പോയിന്‍റ് നേടി കാള്‍സണ്‍ ചാമ്പ്യനായി.