തുടർച്ചയായ രണ്ടാം തോൽവി; ബ്ലാസ്‌റ്റേഴ്‌സിനെ മുട്ട് കുത്തിച്ച് ഒഡീഷ

ഭുബനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോൾ നേടിയത്. 35-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഖബ്ര മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒഡീഷ സമനില ഗോള്‍ കണ്ടെത്തി. ജെറി മാവിഹിമിതാങയാണ് ഒഡീഷക്ക് വേണ്ടി ഗോൾ നേടിയത്.
സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ 86-ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിന്‍ ഒഡീഷയുടെ വിജയ ഗോള്‍ നേടി. ആക്രമണത്തിലും പ്രതിരോധത്തിലും മുന്നിട്ടു നിന്ന ഒഡീഷക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷ എട്ട് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്.
മൂന്ന് കളികളില്‍ രണ്ടു ജയത്തോടെ ആറ് പോയന്‍റുമായി ഒഡീഷ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് വീണു.