പോരാട്ടം സെമിയലെത്തുമ്പോള്‍ ഈ ലോകകപ്പിന്റെ താരം ഇവരാണ്!
ആതിര പികെ
പതിവില്‍ നിന്നും വ്യത്യസ്ഥമായി പ്രവചനങ്ങള്‍ക്കും അപ്പുറമായിരുന്നു ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍. വമ്പന്‍മാരായ ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ജര്‍മ്മനി തുടങ്ങിയ ടീമുകള്‍ സെമികാണാതെ പുറത്തായതും, തുടക്കം മുതല്‍ മികവ് പുലര്‍ത്തിക്കളിച്ച ഇംഗ്ലണ്ട് ഫ്രാന്‍സിന്റെ മുന്നില്‍ മുട്ടുകുത്തിയതും, സെമിഫൈനലിലേക്ക് ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ കയറിയതും ഉള്‍പ്പെടെ പ്രവചനങ്ങളെ കീഴ്‌മേല്‍മറിച്ചുകൊണ്ടുള്ളതായിരുന്നു ഖത്തര്‍ ലോകകപ്പ് എന്ന് തന്നെ പറയാം. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ സെമിഫൈനല്‍ ലൈനപ്പായതോടെ ചര്‍ച്ചകളില്‍ നിറയുന്നത് ഈ ലോകകപ്പിന്റെ ആ താരരാജാവ് ആരായിരിക്കുമെന്നാണ്.
സമീപകാലത്ത് കാല്‍പന്തു ലോകം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്ന വലിയ ചോദ്യമാണ് ഇപ്പോഴും മൈതാനത്തുള്ളവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്നത്. റെക്കോഡുകള്‍ പലത് മാറോടുചേര്‍ത്ത് ഫുട്ബാള്‍ മൈതാനത്ത് വര്‍ഷങ്ങളായി ആവേശം തീര്‍ക്കുന്ന ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ, റൊണാള്‍ഡോ, നെയ്മര്‍ജൂനിയര്‍, എംബാപ്പെ തുടങ്ങി വലിയ നിരതന്നെ എടുത്തുപറയാനുണ്ടെങ്കിലും ഖത്തര്‍ ലോകകപ്പില്‍ അവസാനം ഉയര്‍ന്നുകേള്‍ക്കുന്ന മികച്ചതാരം ആരാകുമെന്നാണ് ആരാധകര്‍ തിരയുന്നത്.
അഞ്ചാം ലോകകപ്പിലും മെസ്സിയുടെ കുതിപ്പ്
പ്രകടന മികവു പരിഗണിച്ചാല്‍ മെസ്സി ഈ ലോകകപ്പില്‍ ഒരു പണത്തൂക്കം മുന്നിലാണ്. എന്ന് തന്നെ പറയേണ്ടിവരും. സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ കടന്ന്ുവന്ന ഗ്രൂപ്പ് മത്സരങ്ങളിലെയും, പ്രീക്വാര്‍ട്ടര്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളിലെയും കളികളെ വിലയിരുത്തയാല്‍ ഉയര്‍ന്നു നില്‍ക്കുന്ന താരങ്ങളില്‍ ആദ്യത്തേത് തീര്‍ച്ചയായും മെസ്സി എന്ന മിശിഹ തന്നെയാണ്. തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലും ഗോളടിച്ചാണ് മെസ്സിയുടെ കുതിപ്പ്. തോല്‍വി നുണഞ്ഞുകൊണ്ട് ഇത്തവണത്തെ ലോകകപ്പില്‍ പ്രശിച്ച അര്‍ജന്റീനയ്ക്ക് പിന്നീടുള്ള കളികളില്‍ രക്ഷകനായത് മെസ്സിയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലും ഗോളടിച്ചാണ് മെസ്സിയുടെ കുതിപ്പ്. 1000 മത്സരങ്ങള്‍ പിന്നിട്ടുകൊണ്ട് ഗോള്‍, അസിസ്റ്റ്, ട്രോഫികള്‍ എന്നിവയുടെ കണക്കുകളിലും മുന്നില്‍ ലിയോ തന്നെ.
ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ 2-1 ന് ജയിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തുന്നത്. 35-ാം മിനിറ്റിലാണ് മെസ്സിയുടെ ഗോള്‍ വരുന്നത്. 57-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന രണ്ടാംഗോള്‍ കണ്ടെത്തുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളാണ് ഓസ്‌ട്രേലിയയുടെ അക്കൗണ്ടിലുള്ളത്. 1000-ാം മത്സരത്തിലാണ് മെസ്സി ഗോളും ടീമിന് ജയവും നേടിക്കൊടുക്കുന്നത്. ഓസ്‌ട്രേലിയ അവരുടെ ഹാഫില്‍ പന്ത് പരസ്പരം കൈമാറി കളിച്ച് അര്‍ജന്റീനയെ സമ്മര്‍ദത്തിലാക്കുന്ന സമയം. ഫൈനല്‍ തേഡിലേക്ക് കടക്കാന്‍ കഴിയാതെ അര്‍ജന്റീന താരങ്ങള്‍ ഉഴറുമ്പോഴാണ് മെസ്സിയില്‍ തുടങ്ങി മെസ്സിയിലവസാനിക്കുന്ന നീക്കത്തില്‍നിന്ന് ഗോള്‍ വരുന്നത്. ആറ് എതിര്‍താരങ്ങള്‍ വരിയിട്ടുനില്‍ക്കുന്ന ബോക്സിനെ അളന്നാണ് മെസ്സിയില്‍നിന്ന് പന്ത് പാപുഗോമസിലേക്കും അവിടെ നിന്ന് മെക്കാലിസ്റ്ററിലേക്കും എത്തുന്നത്.
അതേസമയം മെസ്സിക്കുമുന്നില്‍ ഇനി ചരിത്രത്തിലേക്കുള്ള കണക്കുകളുണ്ട്. ഒരുഗോള്‍ കൂടി നേടിയാല്‍ പത്ത് ഗോളോടെ ലോകകപ്പിലെ അര്‍ജന്റീനയുടെ ടോപ് സ്‌കോററെന്ന പദവി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്കൊപ്പം പങ്കിടാം. സെമിയില്‍ കളിച്ചാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന ജര്‍മന്‍താരം ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്താം. മത്തേയൂസിന് 25 മത്സരങ്ങളാണുള്ളത്. മെസ്സിക്ക് 23 മത്സരങ്ങളായി.
ഇതിഹാസങ്ങളുടെയും മുകളിലെ 23 കാരന്‍
ഇനി ലോകം ഉറ്റുനോക്കുന്ന ഒരു താരത്തലേക്കാണ് പോകുന്നത്. അത് മറ്റാരുമല്ല റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാന്‍ നല്ല പരായം വേണമെന്ന ചിന്തെയെ തിരുത്തിക്കുറിച്ച ഫ്രാന്‍സിന്റെ രാജകുമാര്‍ എംബാപ്പെ. ഇത്തവണ ഫ്രാന്‍സിന് വേണ്ടി രണ്ടാം ലോകകപ്പില്‍ ബൂട്ട് കെട്ടിയ എംബാപ്പെ ഓരോ മത്സരങ്ങളിലും എതിരാളികളെ പോലെ റെക്കോര്‍ഡുകളെയും പരാജയപ്പെടുത്തുന്ന കാള്ചയാണ് ഖത്തറില്‍ കാണാനായത്. 24 വയസ്സിന് താഴെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഏറ്റവും ഒടുവില്‍ എംബാപ്പെ തിരുത്തിക്കുറിച്ചത്. സാക്ഷാല്‍ പെലെ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറിച്ചിട്ട റെക്കോര്‍ഡാണ് എംബാപ്പെ മറികടന്നത്.
ഇത് മാത്രമായിരുന്നില്ല എംബാപ്പെ തിരുത്തിക്കുറിച്ച റെക്കോര്‍ഡുകള്‍. അഞ്ച് ലോകകപ്പുകളില്‍ നിന്നായി മെസി നേടിയ 9 ഗോളുകള്‍ക്ക് ഒപ്പമെത്താനും ഡീഗോ മറഡോണയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മറികടക്കാനും എംബാപ്പെക്ക് വളരെ എളുപ്പത്തില്‍ പറ്റി. 9 ലോകകപ്പ് ഗോളുകള്‍ നേടാന്‍ മെസിക്ക് 23 മത്സരങ്ങള്‍ വേണ്ടി വന്നെങ്കില്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് കേവലം 11 മത്സരങ്ങള്‍ മാത്രം. ഇതു തന്നെ മതി ആ ഇരുപത്തി മൂന്നുകാരനിലെ മാന്ത്രികനെ അടയാളപ്പെടുത്താന്‍.
4 മത്സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ നേടി ഖത്തറിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും ഏറെ മുന്നിലാണ് എംബാപ്പെ. ഇത് മാത്രമല്ല പോളണ്ടിനെതിരായ മല്‍സരത്തോടെ ഫ്രാന്‍സിന് വേണ്ടി നേടിയ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം സിദാനെ മറികടക്കാനും എംബാപ്പെയ്ക്ക് കഴിഞ്ഞു. 108 കളികളില്‍ നിന്ന് സിദാന്‍ 31 ഗോളുകളടിച്ചപ്പോള്‍ വെറും 63 മല്‍സരങ്ങള്‍ പിന്നിട്ട എംബാപ്പെയുടെ പേരിലുള്ളത് 33 ഗോളുകള്‍. ഫ്രാന്‍സിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ ഒലിവര്‍ ജിറൂദിനെ പിന്നിലാക്കാനും എംബാപ്പെക്ക് അധികം സമയം വേണ്ടിവരില്ല. 52 ഗോളുകളാണ് ജിറൂദിന്റെ പേരിലുള്ളത്.
2018 ലെ ലോകകപ്പില്‍ പെറുവിനെതിരെയുള്ള ഗോള്‍ നേട്ടത്തോടെ ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും എംബാപ്പ തന്നെ. പെലെ കുറിച്ചിട്ട മറ്റൊരു പ്രധാന റെക്കോര്‍ഡിന് തൊട്ടുതാഴെയാണ് എംബാപ്പെ ഇടം പിടിച്ചത്. 2018 ലെ അരങ്ങേറ്റ ലോകകപ്പില്‍ നാല് ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് എംബാപ്പെ തുളച്ച് കയറ്റിയത്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ നാല് മിനുറ്റ് വ്യത്യാസത്തില്‍ നേടിയ ഇരട്ട ഗോളുകളും ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ നേടിയ നിര്‍ണായക ഗോളും ടീമിനെ കൊണ്ടെത്തിച്ചത് രണ്ടാമതൊരു ലോക കിരീടമെന്ന വലിയ നേട്ടത്തിലേക്കായിരുന്നു.
കളിക്കാര്‍ക്കുമുകളില്‍ ഹീറോ ആയ ഗോളി
ഡൊമിനിക് ലിവാകൊവിച്ച് ഇന്ന് ക്രൊയേഷ്യയില്‍ ഹീറോയാണ്. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുക്കം കാനറിപ്പട കണ്ണീരണിഞ്ഞ് തലതാഴ്ത്തിമടങ്ങിയത് ഈ ഒരൊറ്റ താരത്തിന്റെ മികവ്‌കൊണ്ടാണ്. ക്രൊയേഷ്യ സെമിയിലേക്ക് പറന്നുയരാന്‍ കാരണവും അവന്‍തന്നെ. അത്ര ഗംഭീരമായി ടൂര്‍ണമെന്റുകളിലുടനീളം പന്തുതട്ടിക്കളിച്ച ബ്രസീലിന് 105-ാം മിനിറ്റുവരെ ക്രൊയേഷ്യന്‍ വലകുലുക്കാനായില്ല. അവരുടെ ഷോട്ടുകളോരോന്നും തടുത്തിട്ട് മത്സരത്തിലെ ഹീറോയായി മാറിയത് ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറായിരുന്നു. നെയ്മറും വിനീഷ്യസും തലങ്ങും വിലങ്ങും ഷോട്ടുതിര്‍ത്തപ്പോള്‍ ഗോള്‍ബാറിന് കീഴില്‍ ലിവാകോവിച്ച് അത്ഭുതമായി മാറി. ഫുള്‍ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലും ലിവാകോവിച്ച് കീഴടങ്ങിയില്ല. അയാള്‍ക്കുമുന്നില്‍ പരാജയം സമ്മതിച്ച് കാനറിപ്പട കണ്ണീരോടെ തിരിഞ്ഞുനടന്നു. അതുകൊണ്ടുതന്നെ ചില്ലറക്കാരനായി കാണാനാവില്ല ഡൊമിനിക് ലിവാകൊവിച്ചിനെ.
അതേസമയം നിലവിലെ ലോകചാമ്പ്യന്മാരും റണ്ണറപ്പുകളും ഖത്തര്‍ ലോകകപ്പിലെ അവസാന നാലിലുണ്ട്. നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീനയുടെ വരവ്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതല്‍ ശക്തരാകുന്നു ആല്‍ബിസെലസ്റ്റകള്‍. മറുവശത്ത് തുടരെ രണ്ട് ഷൂട്ടൗട്ടുകള്‍ കടന്ന് ക്രൊയേഷ്യയും എത്തുന്നു. പ്രീക്വാര്‍ട്ടറില്‍ ജപ്പാനും ക്വാര്‍ട്ടറില്‍ ബ്രസീലും ക്രൊയേഷ്യക്കുമുന്നില്‍ വീണു. രണ്ടാം സെമി ബുധനാഴ്ചയാണ്. അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് കിക്കോഫ്.
തുടരെ രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിക്കെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ വരവ്. മറുവശത്ത് ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ചരിത്രം കുറിച്ചെത്തുന്ന മൊറോക്കൊയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും പ്രീക്വാര്‍ട്ടറില്‍ സ്പെയ്നെയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും വീഴ്ത്തി വരുന്നവര്‍. ഫ്രാന്‍സിനും അര്‍ജന്റീനയക്കും രണ്ട് ലോകകിരീടമുണ്ട്. ക്രൊയേഷ്യക്ക് അഭിമാനിക്കാന്‍ 2018ലെ ഫൈനലും. മൊറോക്കോയാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തില്‍ എത്തി നില്‍ക്കുന്നു.
അര്‍ജന്റീന ക്രൊയേഷ്യയെയും ഫ്രാന്‍സ് മൊറോക്കോയെയുമാണ് സെമിഫൈനലില്‍ നേരിടുക. ഡിസംബര്‍ 13 ചൊവ്വാഴ്ച രാത്രി 12.30 ന് അര്‍ജന്റീന-ക്രൊയേഷ്യ മത്സരവും ഡിസംബര്‍ 14 ബുധന്‍ രാത്രി 12.30 ന് ഫ്രാന്‍സ്- മൊറോക്കോ മത്സരവും നടക്കും.