ഫ്രഞ്ച് ഫുട്‌ബോള്‍ കിരീടം പി എസ് ജിക്ക്

മെസ്സി 496-ാം ലീഗ് ഗോളടിച്ച് ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്നു.
പാരിസ് - ലയണല്‍ മെസ്സിയുടെ ഗോളില്‍ സ്ട്രാസ്ബര്‍ഗുമായി 1-1 സമനില പാലിച്ചതോടെ പതിനൊന്നാം തവണയും പാരീസ് സെന്റ് ജെര്‍മെന്‍ (പി.എസ്.ജി) ഫ്രഞ്ച് ഫുട്ബോള്‍ ലീഗ് ചാമ്പ്യന്മാരായി. 10 തവണ കിരീടം നേടിയ സെയ്ന്റ് എറ്റിയേന്റെ റെക്കോര്‍ഡാണ് പി.എസ്.ജി തകര്‍ത്തത്. മിഷേല്‍ പ്ലാറ്റീനി കളിച്ച 1981 ലാണ് എറ്റിയേന്‍ അവസാനം ചാമ്പ്യന്മാരായത്.
ലെ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരം സമനിലയായെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് പി എസ് ജിയെ ചാമ്പ്യന്മാരാക്കിയത്. അമ്പത്തൊമ്പതാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെയുടെ പാസില്‍ നിന്നാണ് മെസ്സി ഗോളടിച്ചത്.യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ മെസ്സിയുടെ 496-ാം ലീഗ് ഗോളാണ് ഇത്. ഇതോടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മെസ്സി മറികടന്നു. 79ാം മിനിറ്റില്‍ സ്ട്രാസ്ബര്‍ഗ് ഗോള്‍ മടക്കി. ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണരൂമയും എംബാപ്പെയുമാണ് ഈ സീസണില്‍ പി.എസ്.ജിയുടെ രക്ഷകരായത്. എംബാപ്പെക്ക് 28 ഗോളായി.
ട്രോഫി നേടിയതൊഴിച്ചാല്‍ പി.എസ്.ജിക്ക് നിരാശയുടെ സീസണാണ് ഇത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഫ്രഞ്ച് കപ്പില്‍ നിന്നും പി.എസ്.ജി പുറത്തായിരുന്നു. ക്ലബ്ബിന്റെ നെടുങ്കോട്ടയായി പാര്‍ക്ക് ദെ പ്രാന്‍സസ് സ്റ്റേഡിയത്തില്‍ മൂന്നു കളികള്‍ ടീം തോറ്റു. അതിലൊന്ന് ദുര്‍ബലരായ ലോറിയന്റിനോടായിരുന്നു, 1-3 ന്. റെന്‍ ഹോം മത്സരത്തിലും എവേ മത്സരത്തിലും പി.എസ്.ജിയെ തോല്‍പിച്ചു.
ലോകകപ്പിനു ശേഷം ടീമിന്റെ ഫോം നാടകീയമായി മങ്ങിയതോടെ ആരാധകര്‍ മെസ്സിയുള്‍പ്പെടെ കളിക്കാരെ കൂവി വിളിക്കുകയും തെരുവിലിറങ്ങുകയും ചെയ്തിരുന്നു. മെസ്സി അച്ചടക്കലംഘനത്തിന് സസ്പെന്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാമെങ്കിലും മെസ്സി ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ക്ലെര്‍മോണ്ടിനെതിരായ ഹോം ഗെയിം പി.എസ്.ജി ജഴ്സിയില്‍ മെസ്സിയുടെ അവസാനത്തേതാവും.
പുതുവര്‍ഷ ദിനത്തില്‍ ലെന്‍സിനോട് തോറ്റതോടെയാണ് കിതപ്പാരംഭിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. ഫ്രഞ്ച് കപ്പ് നോക്കൗട്ടില്‍ ബദ്ധവൈരികളായ മാഴ്സെയോട് തോറ്റു. തുടര്‍ച്ചയായി എട്ട് കളി ജയിച്ച് മാഴ്സെ ലീഗ് പോരാട്ടം ശക്തമാക്കി. അവസാനം അവര്‍ കാലിടറിയതോടെയാണ് പി.എസ്.ജി രക്ഷപ്പെട്ടത്.