LogoLoginKerala

അട്ടിമറിയോടെ ഒഡിഷ സെമിയിൽ

 
Super cup

മഞ്ചേരി -  ഒഡിഷയുടെ കലിംഗ വാരിയേഴ്‌സ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. മുന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ അവര്‍ 2-1 ന് അട്ടിമറിച്ചു. എണ്‍പത്താറാം മിനിറ്റില്‍ വിക്ടര്‍ റോഡ്രിഗസാണ് ഒഡിഷയുടെ വിജയ ഗോളടിച്ചത്. ഗ്രൂപ്പ് എ-യില്‍നിന്ന് ബംഗളൂരു എഫ്.സി നേരത്തെ സെമിയിലെത്തിയിരുന്നു. 

ഈസ്റ്റ്ബംഗാളും ഐസ്വാള്‍ എഫ്.സിയും തമ്മില്‍ വൈകുന്നേരം നടന്ന മത്സരം സമനിലയായതോടെ ഒഡിഷ-ഹൈദരാബാദ് കളിയിലെ വിജയികള്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പായിരുന്നു. ഒഡിഷക്ക് മൂന്നു കളിയില്‍ ഏഴ് പോയന്റുണ്ട്. ഹൈദരാബാദിന് നാലും ഈസ്റ്റ്ബംഗാളിന് മൂന്നും ഐസ്വാളിന് ഒന്നും പോയന്റാണ്.
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിലെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ രണ്ടു ഗോള്‍ ലീഡ് തുലച്ചു. സൂപ്പര്‍ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഈസ്റ്റ്ബംഗാളും ഐസ്വാള്‍ എഫ്.സിയും 2-2 സമനില പാലിച്ചു. പ്രതീക്ഷ നിലനിര്‍ത്താന്‍ മൂന്നു ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്ന ഈസ്റ്റ്ബംഗാള്‍ 22 മിനിറ്റാവുമ്പോഴേക്കും രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.  
പതിനേഴാം നവോറം മഹേഷ് സിംഗാണ് ആദ്യ ഗോളടിച്ചത്. ഇടതു വിംഗില്‍ നിന്ന് ഒന്നാന്തരം ത്രൂബോളിലൂടെ ക്ലെയ്റ്റന്‍ സില്‍വ ഗോളിലേക്ക് വഴിതുറന്നു. സുമീത് പാസിക്ക് പാസ് നല്‍കാനാണ് മഹേഷ് ശ്രമിച്ചത്. എന്നാല്‍ ഐസ്വാള്‍ ഗോളി വാന്‍ലാല്‍ റിയാപുയയുടെ കൈലില്‍ തട്ടിത്തിരിഞ്ഞ് പന്ത് വലയില്‍ കയറി. അഞ്ചു മിനിറ്റിനു ശേഷം മലയാളി താരം വി.പി സുഹൈറിന്റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ പാസി ലീഡ് വര്‍ധിപ്പിച്ചു. 
ക്രമേണ ഐസ്വാള്‍ താളം കണ്ടു. ഇടവേളക്ക് അല്‍പം മുമ്പ് ലാല്‍റുവായ്തുലാംഗയിലൂടെ അവര്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡേവിഡ് ലാലന്‍സംഗ രണ്ടാം ഗോളും നേടി.