നായകന് സെഞ്ച്വറി, നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്

ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ രോഹിത് ശര്‍മയാണ് ഒടുവില്‍ പുറത്തായത്. രോഹിത് 212 പന്തില്‍ രണ്ട് സിക്സും 15 ഫോറും സഹിതം 120 റണ്‍സെടുത്തു.
171 പന്തിലാണ് ക്യാപ്റ്റന്‍ സെഞ്ച്വറി തികച്ചത്. ഒരു വിക്കറ്റിന് 77 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 118ല്‍ നില്‍ക്കെ 23 റണ്‍സെടുത്ത അശ്വിനെ നഷ്ടപ്പെട്ടിരുന്നു. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരുവശത്ത് പിടിച്ചുനിന്നും മോശം പന്തുകളെ ആക്രമിച്ചും ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു രോഹിത്.
നാലാമനായി ക്രീസിലെത്തിയ പൂജാര 7 റണ്‍സിനും വിരാട് കോഹ്ലി 12 റണ്‍സിനും സൂര്യകുമാര്‍ യാദവ് 8 റണ്‍സിനും മടങ്ങിയതോടെ ഇന്ത്യ 5ന് 168 എന്ന നിലയിലായി. പിന്നീട് ഒത്തുചേര്‍ന്ന ജഡേജയും രോഹിതും ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. നിലവില്‍ 35 റണ്‍സുമായി ജഡേജയും 6 റണ്‍സുമായി ശ്രീകര്‍ ഭരതുമാണ് ക്രീസില്‍. ഇന്ത്യക്ക് നിലവില്‍ 59 റണ്‍സിന്റെ ലീഡുണ്ട്.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ടോഡ് മര്‍ഫിയാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ നാശം വിതച്ചത്. നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.