LogoLoginKerala

അഭ്യൂഹങ്ങള്‍ അവസാനിച്ചു, ലയണല്‍ മെസ്സി ഇനി ഇന്റര്‍മിയാമിയില്‍

 
messi

ന്യൂയോര്‍ക്ക്- മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയില്‍. ക്ലബുമായി സൂപ്പര്‍താരം കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയിലാണ് അപ്രതീക്ഷിത തീരുമാനം.

പിഎസ്ജി വിട്ട മെസി യൂറോപ്പില്‍ തുടരാന്‍ ശ്രമിച്ചെങ്കിലും തൃപ്തികരമായ ഓഫറുകളൊന്നും ലഭിച്ചില്ല. മയാമിയും സൗദി ക്ലബ് അല്‍-ഹിലാലുമാണ് വമ്പന്‍ ഓഫറുകള്‍ വച്ചത്. ഒടുവില്‍ അല്‍-ഹിലാലിന്റെ പണക്കിഴി വേണ്ടെന്നുവച്ച് മെസി അമേരിക്ക തെരഞ്ഞെടുത്തു. ബാഴ്‌സലോണയിലേക്ക് തിരികെപോകാനായിരുന്നു മെസി ആഗ്രഹിച്ചിരുന്നതെങ്കിലും ബാഴ്‌സയ്ക്ക് മികച്ച ഓഫര്‍ നല്‍കാന്‍ കഴിഞ്ഞില്ല. ക്ലബ്ബിന്റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാമ്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്.

ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് മയാമി. ഇതാദ്യമായാണ് മെസി യൂറോപ്പിന് പുറത്തൊരു ക്ലബുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇന്റര്‍ മയാമി ക്ലബുമായി എത്രവര്‍ഷത്തേക്കാണ് കരാറിലെത്തിയതെന്നോ തുക എത്രയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്ലബില്‍ മെസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടാകുമെന്നാണ് സൂചന. മിയാമി ഇടപാടില്‍ അഡിഡാസ്, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള വാണിജ്യ കരാര്‍ കൂടി ഉള്‍പ്പെടും. മയാമിയില്‍ മെസിക്ക് വീടുണ്ട്, അത് അദ്ദേഹം വാടകയ്ക്ക് നല്‍കി വരികയാണ്.