LogoLoginKerala

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി പോരാട്ടം; ലിവർപൂളിനെ അട്ടിമറിച്ച് നോട്ടിങ്ഹാം

 
പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി പോരാട്ടം; ലിവർപൂളിനെ അട്ടിമറിച്ച് നോട്ടിങ്ഹാം

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസിയെ നേരിടും. യുണൈറ്റഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ ഇറങ്ങുക. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറെസ്റ്റ് ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

ഇന്നത്തെ മത്സരം ജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചെൽസിയെ പിന്തള്ളി പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെത്താനാവും. ടോട്ടനത്തെ സ്വന്തം മണ്ണിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എറിക് ടെന്‍ ഹാഗിന്‍റെ സംഘം എത്തുന്നത്. ബ്രന്‍റ്ഫോർഡിനോട് സമനില വഴങ്ങിയ നിരാശ മാറ്റുകയാണ് ചെൽസിയുടെ ലക്ഷ്യം. പരിക്ക് മാറിയ ആന്‍റണി മാർഷ്യൽ, വാൻബിസാക എന്നിവർ ടീമിലേക്ക് മടങ്ങിയെത്തും.

അതേസമയം പരിക്കാണ് ചെൽസി കോച്ച് ഗ്രഹാംപോട്ടറിനെ അലട്ടുന്നത്. എൻഗോളോ കാന്‍റെ, റീസ് ജയിംസ്, ഫൊഫാന എന്നിവർ പരിക്ക് മൂലം ടീമിലില്ല. തിയാഗോ സിൽവയും ഹക്കിം സിയെച്ചും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. അവസാന 9 പ്രീമിയർ ലീഗ് മത്സരങ്ങളിലും ചെൽസിയോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം യുണൈറ്റഡിന് കരുത്തായേക്കും. രാത്രി പത്ത് മണിക്കാണ് മത്സരം ആരംഭിക്കുക.