മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ, റയൽ മാഡ്രിഡ് പുറത്ത്
May 18, 2023, 06:06 IST
മാഞ്ചസ്റ്റര്‍ - നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിനെ മറുപടിയില്ലാത്ത നാലു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിലേക്ക് കുതിച്ചു. ഇന്റര്‍ മിലാനുമായി ഇസ്താംബൂളിൽ ജൂണ്‍ 10 നാണ് ഫൈനല്‍.
ആദ്യ പകുതിയില്‍ ബെര്‍ണാഡൊ സില്‍വ നേടിയ രണ്ട് എണ്ണം പറഞ്ഞ ഗോളിന് മുന്നിലെത്തിയ സിറ്റി ഇടവേളക്കു ശേഷം റയലിന്റെ സമ്മര്‍ദ്ദം അതിജീവിച്ച ശേഷമാണ് രണ്ടു ഗോള്‍ കൂടി അടിച്ചത്. എഴുപത്താറാം മിനിറ്റില്‍ എഡര്‍ മിലിറ്റാവൊ സ്വന്തം പോസ്റ്റില്‍ ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ യൂലിയന്‍ അല്‍വരേസും സ്‌കോര്‍ ചെയ്തു. ഗോളി തിബൊ കോര്‍ടവയുടെ മികവാണ് കൂടുതല്‍ ഗോളിന് തോല്‍ക്കുന്നതില്‍ നിന്ന് റയലിനെ രക്ഷിച്ചത്. സാന്‍ഡിയേഗൊ ബെര്‍ണബാവുവിലെ ആദ്യ പാദം 1-1 സമനിലയായിരുന്നു.
കഴിഞ്ഞ സീസണില്‍ റയലിനെതിരെ രണ്ടാം പാദത്തിലെ എണ്‍പതാം മിനിറ്റ് വരെ ലീഡ് ചെയ്ത ശേഷം അടിപതറിയതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് സിറ്റി കളിച്ചത്. ലീഡ് നേടിയ ശേഷവും അവര്‍ ഏകാഗ്രത കൈവിട്ടില്ല. മൂന്നു സീസണിനിടെ സിറ്റി രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. ഇതുവരെ അവര്‍ കിരീടം നേടിയിട്ടില്ല.
എര്‍ലിംഗ് ഹാളന്റ് ഏതാനും തുറന്ന അവസരങ്ങള്‍ പാഴാക്കി. ടോണി ക്രൂസിന്റെ ബുള്ളറ്റ് ഷോട്ട് സിറ്റി ഗോള്‍പോസ്റ്റിനിടിച്ച് തെറിക്കുകയും ചെയ്തു.