തോൽവിയിലും തല ഉയർത്തി കോഹ്ലി; ടി20 ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു
ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങി ഇന്ത്യ പുറത്തായെങ്കിലും ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് വിരാട് കോഹ്ലി. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്.
അഡ്ലെയ്ഡില്‍ ഇറങ്ങുന്നതിന് മുമ്പ് 114 മത്സരങ്ങളില്‍ കോഹ്ലി 3958 റണ്‍സാണ് നേടിയിരുന്നത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്‌സുകളില്‍ 52.8 ശരാശരിയിലും 138.2 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോഹ്ലി സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും 36 അര്‍ധസെഞ്ചുറികളും കോഹ്ലി തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. ഇന്ന് 40 പന്തില്‍ 50 റണ്‍സ് നേടിയ കോഹ്ലി 4000 റണ്‍സ് എന്ന സുപ്രധാന നാഴികക്കല്ല് പിന്നിടുകയായിരുന്നു.
3853 റൺസുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ 27 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഈ ലോകകപ്പില്‍ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ വിരാട് കോഹ്ലിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറെർ. ആറ് മത്സരങ്ങളില്‍ നിന്ന് 98.67 ശരാശരിയിലും 138.98 സ്ട്രൈക്ക് റേറ്റിലും കോഹ്ലി 296 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് അർദ്ധസെഞ്ചുറികളും കോഹ്ലി തന്റെ പേരിൽ കുറിച്ചു. പട്ടികയില്‍ മൂന്നാമതുള്ള സൂര്യകുമാര്‍ യാദവ് ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അർദ്ധസെഞ്ചുറികൾ ഉൾപ്പടെ 239 റണ്‍സാണ് ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്.