കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍സ് സ്പോര്‍ട്സ് മീറ്റ്; എറണാകുളത്തിന് ഓവറോള്‍ കിരീടം

തിരുവനന്തപൂരം: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍സ് സ്പോര്‍ട്സ് മീറ്റ് 2023ല്‍ എറണാകുളം ജില്ല ഓവറോള്‍ കിരീടം നേടി. കാര്യവട്ടം എല്‍എന്‍സിപി ഗ്രൗണ്ടില്‍ നടന്ന കായികമേളയുടെ സമാപന സമ്മേളനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍തലത്തില്‍ തൃശൂര്‍ അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരുംപിലാവ് ഒന്നാം സ്ഥാനവും കോഴിക്കോട് ചേവയൂര്‍ ഭാരതീയ വിദ്യാഭവന്‍ രണ്ടാം സ്ഥാനവും എറണാകുളം ഈരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനത്തെ വിവിധ കേന്ദ്രീയ, ജവഹര്‍ നവോദയ, സിബിഎസ്ഇ, ഐസിഎസ്സി വിദ്യാലയങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുത്തത്. ഇന്ത്യന്‍ അത്ലറ്റും 400 മീറ്ററിലെ നിലവിലെ ദേശീയ റെക്കോര്‍ഡ് താരവുമായ ഹിമാ ദാസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫ് അലി, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ലീന.എ, സായ്-എല്‍എന്‍സിപി പ്രിന്‍സിപ്പലും റീജണല്‍ ഡയറക്ടറുമായ ജി.കിഷോര്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ മേലധികാരികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.