LogoLoginKerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീക്വാർട്ടറിൽ

 
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീക്വാർട്ടറിൽ

ഇന്ന് ജമ്മു കശ്‌മീരിനെതിരെ വിജയിച്ച സർവീസസിനും 20 പോയിൻ്റുണ്ടെങ്കിലും മികച്ച റൺ റേറ്റാണ് കേരളത്തിനു ഹരിയാനയ്ക്കും തുണയായത്

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ 20 പോയിൻ്റുമായി രണ്ടാം സ്ഥാനത്തോടെയാണ് കേരളം അടുത്ത റൗണ്ടിലെത്തിയത്. 24 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായ കർണാടക നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ 20 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കേരളവും ഹരിയാനയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് ജമ്മു കശ്‌മീരിനെതിരെ വിജയിച്ച സർവീസസിനും 20 പോയിൻ്റുണ്ടെങ്കിലും മികച്ച റൺ റേറ്റാണ് കേരളത്തിനു ഹരിയാനയ്ക്കും തുണയായത്.

ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്‌മീർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസാണ് നേടിയത്. വിജയലക്ഷ്യം 10 ഓവറിൽ മറികടന്നെങ്കിലേ സർവീസസിന് അടുത്ത റൗണ്ടിലെത്താൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ജമ്മു കശ്‌മീർ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ സർവീസസിന്റെ പ്രീക്വാർട്ടർ സ്വപ്നം പൊലിയുകയായിരുന്നു. പ്രീക്വാർട്ടറിൽ പ്രവേശിക്കാനായില്ലെങ്കിലും ജമ്മുവിനെതിരെ ഏഴു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് സർവീസസിന്റെ മടക്കം.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മേഘാലയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം പ്രീക്വാർട്ടർ സാധ്യത നിലനിർത്തുകയായിരുന്നു. ടോസ് നേടി ബാറ്റിംംഗിനെത്തിയ മേഘാലയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 12.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

24 പന്തിൽ 28 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (4) വേഗം മടങ്ങി. രോഹൻ കുന്നുമ്മലിനും (7) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വിഷ്ണു വിനോദ് (12 പന്തിൽ 27) കൂറ്റൻ ഷോട്ടുകളുമായി കേരളത്തെ മുന്നോട്ടുനയിച്ചു. ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ അബ്ദുൽ ബാസിത്ത് (13 നോട്ടൗട്ട്) ആണ് കേരളത്തെ വിജയത്തിലെത്തിച്ചത്. മേഘാലയയ്ക്ക് വേണ്ടി ചെങ്കാം സംഗ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വൈശാഖ് ചന്ദ്രന്‍, എസ് മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മേഘാലയ ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. മനു കൃഷ്ണന്‍, ബേസില്‍ തമ്പി, കെ എം ആസിഫ്, സിജോമോന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 20 റണ്‍സ് നേടിയ ലാറി സംഗ്മയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍.