കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നണിപ്പോരാളിയായ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹാത്തിയാണ് വധു. സഹലിന്റെ സഹ താരങ്ങളായ കെ പി രാഹുല്‍, സി കെ വിനീത്, സച്ചിന്‍ സുരേഷ്, മുഹമ്മദ് റാഫി എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. വധൂ വരന്മാര്‍ക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു.
ഇന്ത്യയുടെ സാഫ് കപ്പ് മത്സരത്തിലെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചതിന് തൊട്ടു പിന്നാലെയാണ് സഹലിന്റെ വിവാഹ ദിനവുമെത്തിയത്. 2022 ജൂലായ് നാലാം തീയതിയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നവ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി.
കണ്ണൂര്‍ സ്വദേശിയായ സഹല്‍ യു.എ.ഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂനിവേഴ്‌സിറ്റി തലത്തില്‍ ഫുട്ബാള്‍ കളിക്കുന്നത് തുടര്‍ന്നു. മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ കളിമികവ് കണ്ടെത്തിയ കെ.ബി.എഫ്.സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കുകയായിരുന്നു.
തന്റെ ആദ്യത്തെ പ്രൊഫഷണല്‍ കരാര്‍ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ റിസര്‍വ് ടീമിനായി കളിച്ചു. 2018-19 ഐ.എസ്.എല്‍ സീസണ്‍ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോള്‍ നേടിയ സഹല്‍, ഇതുകൂടാതെ 37 ഐ.എസ്.എല്‍ മത്സരങ്ങളില്‍ നിന്നായി രണ്ടു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സഹലിന്റെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. ആരാധകര്‍ ആവേശത്തോടെ 'ഇന്ത്യന്‍ ഓസില്‍' എന്ന് വിളിക്കുന്ന സഹല്‍ രാജ്യാന്തര തലത്തില്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളാണ്.