ഐപിഎൽ: ധോണിയുടെ സിക്സറുകൾക്ക് 2.2 കോടി കാഴ്ചക്കാർ, റെക്കോർഡിട്ട് ജിയോ സിനിമ
Apr 13, 2023, 13:26 IST
കൊച്ചി: ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി, രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ മത്സരത്തിനിടെ തുടർച്ചയായി സിക്‌സറുകൾ പറത്തിയപ്പോൾ ജിയോ-സിനിമ 2.2 കോടി പ്രേക്ഷകരെ ആകർഷിച്ചു. ഓൺലൈൻ ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ-സിനിമയിൽ 2023 ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണ് ഇത്.
ത്രസിപ്പിക്കുന്ന ഫിനിഷിൽ കലാശിച്ച മത്സരം എണ്ണമറ്റ ട്വിസ്റ്റുകളോടെ പുരോഗമിക്കുമ്പോൾ ആരാധകർ അവരുടെ സ്‌ക്രീനുകളിൽ ഉറ്റുനോക്കിരുന്നു . അൾട്ടിമേറ്റ് ഫിനിഷർ എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന ധോണി, അവസാന ഓവറിൽ രണ്ട് ബാക്ക് ടു ബാക്ക് സിക്‌സറുകൾ പറത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ചു. അവസാന പന്തിൽ രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മ ഒരു റൺസ് മാത്രം വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് മൂന്ന് റൺസിന് വീണു. 17 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്ന ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 188. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബുധനാഴ്ച ആവേശകരമായ ഐപിഎൽ മത്സരം നടന്നു.
ടാറ്റ ഐപിഎൽ 2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോ-സിനിമ, സീസണിന്റെ തുടക്കം മുതൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിൽ മാത്രം 147 കോടി വ്യൂവർഷിപ് നേടി മുൻ സീസണിലെ മൊത്തം വ്യൂവർഷിപ് കണക്കുകളെ മറികടന്നു. കൂടാതെ, ജിയോ-സിനിമയിൽ ഓരോ മത്സരത്തിനും ഓരോ വീഡിയോയ്ക്കും ചെലവഴിക്കുന്ന ശരാശരി സമയം 60% വർദ്ധിച്ചു.