പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വന്നില്ല; കാര്യവട്ടത്തെ കളികാണാന്‍ സ്റ്റേഡിയത്തില്‍ ആളില്ല

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്‌മാന്റെ വാ വിട്ട വാക്കിന് ബഹിഷ്‌കരണത്തിലൂടെ മറുപടി നല്‍കി ക്രിക്കറ്റ് ആരാധകര്‍. കാര്യവട്ടം സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ മിന്നുന്ന സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും അര്‍ദ്ധ സെഞ്ചുറിയുമായി വിരാട് കോലിയും തകര്‍പ്പന്‍ ബാറ്റിംഗുമായി രോഹിത് ശര്‍മ്മയും നിറഞ്ഞാടിയിട്ടും ഗാലറിയില്‍ ആവേശം ഏറ്റെടുക്കാന്‍ ആളില്ലാതെ പോയി.
പരമ്പര ഇന്ത്യ നേടിയെങ്കിലും സൂപ്പര്‍ താരങ്ങളുടെ പ്രകടനം നേരിട്ടു കാണാന്‍ ആരാധകര്‍ എത്തുമെന്നായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാല്‍ ആകെ 55,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്ക് വിറ്റഴിഞ്ഞുപോയത് 5700 ടിക്കറ്റുകള്‍ മാത്രമാണ്. ഇതുവരെ ആകെ നാല് അന്താരാഷ്ട്ര മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുമുമ്പ് നടന്ന മത്സരങ്ങളില്‍ വലിയ തോതില്‍ ടിക്കറ്റ് വില്‍പ്പന നടന്നിരുന്നുവെങ്കിലും ഞായറാഴ്ചത്തെ മത്സരത്തില്‍ ടിക്കറ്റ് വിറ്റഴിയാതെ ഇരുന്നത് കെ.സി.എ.യെ ആശങ്കയിലാക്കിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പന കുറഞ്ഞാല്‍ ഇനിവരുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിക്കുന്നതില്‍ പുനരാലോചന വന്നേക്കാമെന്നാണ് കരുതുന്നത്. കാര്യവട്ടത്ത് ഇത് രണ്ടാമത്തെ ഏകദിന മത്സരമാണ് നടക്കുന്നത്. ഇതിനുമുമ്പ് 2018 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ഏകദിനമാണ് ആദ്യത്തേത്. കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ നടന്ന മറ്റ് മൂന്ന് മത്സരങ്ങളും ട്വന്റി20 മത്സരങ്ങളായിരുന്നു.
ഇത്തവണ താരങ്ങള്‍ എത്തിയപ്പോഴും സാധാരണ ഗതിയില്‍ കാണാറുള്ള ആവേശമൊന്നും ഇത്തവണ വിമാനത്താവളത്തിലുമുണ്ടായിരുന്നില്ല. പരമ്പര ഇന്ത്യയ്ക്ക് ലഭിച്ചതിനാല്‍ ഇന്ന് നടക്കുന്ന മത്സരം വലിയ ആവേശമുണ്ടാക്കില്ലെന്ന വിലയിരുത്തലും ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമൊക്കെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. മത്സരം ഞായറാഴ്ച ആയിട്ടുകൂടി ടിക്കറ്റ് വിറ്റഴിയാതെ ഇരിക്കുന്നത് ക്രിക്കറ്റ് അസോസിയേഷനില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.
ടിക്കറ്റിന് മേല്‍ വിനോദ നികുതി കുത്തനെ ഉയര്‍ത്തിയത് ടിക്കറ്റ് വില വര്‍ധിപ്പിച്ചിട്ടുണ്ട്. വിനോദ നികുതി കുറയ്ക്കില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞത് വിവാദമായിരുന്നു. 18 ശതമാനം ജി.എസ്.ടി., 12 ശതമാനം വിനോദ നികുതി എന്നിവകൂടി ചേരുമ്പോള്‍ 300 രൂപ നികുതിയും ഓണ്‍ലൈന്‍ ആപ്പായ പേ ടി.എം. ഇന്‍സൈഡറിന്റെ കണ്‍വീനിയന്‍സ് ചാര്‍ജും ഉള്‍പ്പടെ ആയിരത്തിന്റെ ടിക്കറ്റ് 1475.74 രൂപയ്ക്കാണ് വാങ്ങാന്‍ കഴിയുക.
സെപ്റ്റംബറില്‍ ഇവിടെ നടന്ന ട്വന്റി20 മത്സരത്തിന് നികുതികള്‍ ഉള്‍പ്പെടെ 1500 രൂപയ്ക്കാണ് (ബുക്കിങ് ആപ്പിന്റെ കണ്‍വീനിയന്‍സ് ചാര്‍ജ് കൂടാതെ) ഏറ്റവും കുറഞ്ഞ ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഇടപെട്ട് കോര്‍പ്പറേഷന്റെ വിനോദനികുതിയില്‍ ഇളവ് നല്‍കിയിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല, 24 ശതമാനം വിനോദ നികുതി വേണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് കാണികള്‍ക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് 12 ശതമാനത്തില്‍ ഒതുക്കിയത്.
കോര്‍പ്പറേഷന്‍ വിനോദനികുതിക്ക് വാശിപിടിച്ചതോടെ കഴിഞ്ഞ ട്വന്റി20 മത്സരത്തേക്കാള്‍ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്തി കാണികളുടെ ഭാരം കുറയ്ക്കാനാണ് കെ.സി.എ. തീരുമാനിച്ചത്. ഇതോടെ ട്വന്റി20 മത്സരത്തിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഏകദിനം കാണാന്‍ സാധിക്കുമായിരുന്നു. പട്ടാള റിക്രൂട്ട്മെന്റിന് നല്‍കി പിച്ചുള്‍പ്പെടെ നാശംനേരിട്ട ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ലക്ഷങ്ങള്‍ ചെലവിട്ട് അന്താരാഷ്ട്ര മത്സരത്തിന് സജ്ജമാക്കിയത് ക്രിക്കറ്റ് അസോസിയേഷനാണ്.