സിംബാബ്‌വെയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിൽ

മെൽബൺ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ അവസാന പോരാട്ടത്തില്‍ സിംബാബ് വെയെ തകര്‍ത്ത് ടീം ഇന്ത്യ. 71 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സിംബാബ് വെ 17.2 ഓവഖില്‍ 115 റണ്‍സിന് കീഴടങ്ങുകയായിരുന്നു.
നേരത്തെ തന്നെ സെമി പ്രവേശനം നേടിയ ഇന്ത്യ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. പാകിസ്ഥാനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് എട്ട് പോയന്റുമായി ഇന്ത്യ ഒന്നാമതെത്തിയത്. നവംബർ ഒമ്പതിന് സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ തൊട്ടടുത്ത ദിവസം അഡ്‌ലൈഡിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് എടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. രാഹുല്‍ 35 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും സഹിതം 51 റണ്‍സാണ് എടുത്തത്. ലോകകപ്പിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് രാഹുല്‍ നേടിയത്.
സൂര്യ പതിവ് പോലെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലാകുകയായിരുന്നു. സിംബാബ് വെ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച സൂര്യ 25 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 61 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യയുടെ തകർപ്പൻ പ്രകടനമാണ് ടീം സ്കോർ 180 കടത്തിയത്. ലോകകപ്പിലെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് സൂര്യ സ്വാന്തമാക്കിയത്.
ക്യാപ്റ്റൻ രോഹിത്ത് ശര്‍മ്മയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. 13 പന്തില്‍ രണ്ട് ഫോറടക്കം 15 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മികച്ച ഫോമിലുള്ള വിരാട് കോഹ്ലി 25 പന്തില്‍ രണ്ട് ഫോറടക്കം 26 റണ്‍സെടുത്തു. 18 പന്തിൽ 18 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യ അവസാന ഓവറിലാണ് പുറത്തായത്. മൂന്ന് റണ്‍സെടുത്ത റിഷഭ് പന്താണ് തിളങ്ങാതെ പോയ ഏക ബാറ്റ്‌സ്മാന്‍.
സിംബാബ് വെയ്ക്കായി സീന്‍ വില്യംസണ്‍ രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിക്കന്ദര്‍ റാസയും മുസര്‍ബാനിയും നഗരവയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സിംബാബ് വെയ്ക്കായി റയാന്‍ ബുരി 22 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സ് സഹിതം 35ഉം സിക്കന്ദര്‍ റാസ 24 പന്തില്‍ മൂന്ന് ഫോറടക്കം 34 റണ്‍സും നേടി. ക്യാപ്റ്റന്‍ ക്രൈഗ് എര്‍വിന്‍ 13 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് സിംബാബ് വെയെ എറിഞ്ഞിടാന്‍ നേതൃത്വം നല്‍കിയത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ഷമി രണ്ടോവറില്‍ 14 റണ്‍സ് വഴങ്ങിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.