LogoLoginKerala

ബംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഹൈദരാബാദ് എഫ്‌സി ഒന്നാം സ്ഥാനത്ത്

 
ബംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഹൈദരാബാദ് എഫ്‌സി ഒന്നാം സ്ഥാനത്ത്

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഹൈദരാബാദിനു വേണ്ടി ഒഗ്‌ബെച്ചെയാണ് ഗോള്‍ നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ തന്നെ നാല് പോയിന്റുള്ള ബംഗളൂരു എഫ് സി നാലാം സ്ഥാനത്താണ്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 83-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ബോര്‍ജ ഹെരേരയുടെ കോര്‍ണര്‍ കിക്കിൽ പന്ത് കയ്യിലൊതുക്കുന്നതില്‍ പിഴവ് സംഭവിച്ച ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെ നോക്ക് കുത്തിയാക്കി ഒഗ്‌ബെച്ചെ ഹെഡ് ചെയ്ത് പന്ത് വലയിലെത്തിച്ചു. തിരിച്ചടിക്കാൻ ബംഗളൂരു കുടഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മുംബൈ അരീനയിൽ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ലാലിയന്‍സ്വാല ചാങ്‌തെ മുംബൈക്ക് വേണ്ടി ലീഡ് നേടിയപ്പോൾ, നാല് മിനിറ്റിനകം ഡാനിയേല്‍ ചിമ ചുക്‌വിന്റെ ഗോളിലൂടെ ജംഷഡ്പൂര്‍ സമനില കണ്ടെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി മുംബൈ മൂന്നാമതും രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ജംഷഡ്‌പൂർ എഫ് സി പത്താം സ്ഥാനത്തുമാണ്.