ഗോകുലം എഫ് സി സൂപ്പർ കപ്പിൽ നിന്ന് പുറത്ത്
Updated: Apr 15, 2023, 08:01 IST
കോഴിക്കോട്- അവസാനമിനിറ്റിൽ എഫ്.സി. ഗോവയോട് ഗോൾ വഴങ്ങി ഗോകുലം കേരള എഫ്.സി. സൂപ്പർ കപ്പ് ഫുട്‌ബോളിൽനിന്ന് പുറത്ത് (0-1). നായകൻ ഐകർ വല്ലേഹോയാണ് (90-ാം മിനിറ്റ്) ഗോവയുടെ വിജയഗോൾ കുറിച്ചത്.
പ്രതിരോധതാരം അബ്ദുൾ ഹക്കുവിന്റെ പിഴവാണ് ഗോവൻ ഗോളിന് വഴിതുറന്നത്. ബോക്‌സിനു വെളിയിൽ ഹക്കുവിൽനിന്ന് പന്ത് തട്ടിയെടുത്ത നോഹ് സദോയയുടെ ഷോട്ട് ഗോളി ഷിബിൻരാജ് തടുത്തിട്ടു. ഓടിയെത്തിയ െഎകർ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഗോകുലം മുന്നേറ്റനിര ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ കണ്ടെത്താനായില്ല.
ആദ്യപകുതിയിൽ ഗോവ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ശക്തരായ എതിരാളികൾക്കെതിരേ പ്രത്യാക്രമണത്തിലൂടെ ഗോൾ കണ്ടെത്താനായിരുന്നു ഗോകുലത്തിന്റെ ശ്രമം. ഇതോടെ കൂടുതൽ സമയം പന്ത് വരുതിയിൽവെച്ച് ആക്രമണങ്ങൾ മെനയാൻ ഗോവയ്ക്ക് കഴിഞ്ഞെങ്കിലും അതിനനുസരിച്ച് ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.
ഏഴാം മിനിറ്റിൽ ഗോവ താരം നോഹ് എടുത്ത കോർണർ കിക്കിൽ സിറിയൻ താരം മുഹമ്മദ് ഫാരിസിന്റെ ഹെഡ്ഡർ പോസ്റ്റിൽത്തട്ടിമടങ്ങി.
ജയത്തോടെ ഗോവയ്ക്ക് രണ്ടുകളികളിൽ മൂന്നുപോയന്റായി. ആദ്യകളിയിൽ ഗോവ ജംഷേദ്പുരിനോട് തോറ്റിരുന്നു (5-3). ചൊവ്വാഴ്ച ഗ്രൂപ്പ് സി-യിലെ അവസാനമത്സരത്തിൽ ഗോവ, മോഹൻ ബഗാനെയും ഗോകുലം ജംഷേദ്പുരിനെയും നേരിടും.