പത്ത് പേരുമായി പൊരുതി; ആവേശകരമായ സമനില നേടി എടികെ മോഹന്‍ ബഗാന്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിയെ സമനിലയിൽ കുരുക്കി എടികെ മോഹന്‍ ബഗാന്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. ലാലിയന്‍സുവാല ചങ്‌തെ, റോസ്റ്റിന്‍ ഗ്രിഫിത്സ് എന്നിവർ മുംബൈക്കായി ഗോൾ കണ്ടെത്തിയപ്പോൾ ജോണി കൗകോ, കാള്‍ മക്ഹ്യൂഗ് എന്നിവരുടെ വകയായിരുന്നു ബഗാന്റെ മറുപടി ഗോളുകള്‍. 74-ാം മിനിറ്റില്‍ ലെന്നി റോഡ്രിഗസ് ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരുമായിട്ടാണ് ബഗാന്‍ മത്സരം പൂര്‍ത്തിയാക്കിയത്.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ചാങ്‌തെയിലൂടെ മുംബൈ മുന്നിലെത്തി. ആദ്യ പകുതി ഒരു ഗോളിന് ലീഡ് നേടിയ മുംബൈയെ രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ കൗകോയുടെ ഗോളിലൂടെ ബഗാന്‍ ഒപ്പം പിടിച്ചു. എന്നാൽ 72-ാം മിനിറ്റില്‍ ഗ്രിഫിത്തിലൂടെ മുംബൈ വീണ്ടും ലീഡ് നേടി. രണ്ടു മിനിറ്റിനകം ബഗാന്റെ താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോള്‍ മക്ഹ്യൂഗ് ബഗാന് വേണ്ടി ആവേശകരമായ സമനില ഗോൾ നേടി.
സമനിലയോടെ മുംബൈ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി മൂന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുള്ള ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് 13ന് കൊച്ചിയിൽ എഫ്‌സി ഗോവയ്‌ക്കെതിരെയാണ് അടുത്ത മത്സരം. നിലവിൽ അഞ്ച് കളിയിൽ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.