വനിതാ ഫൈനലിസിമയില്‍ ബ്രസീലിന് തോല്‍വി
Apr 8, 2023, 07:36 IST
ലണ്ടന്‍ - ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പ്രഥമ കിരീട പോരാട്ടത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇംഗ്ലണ്ട്. ലണ്ടനിലെ വെംബ്ലിയില്‍ 83,132 പേര്‍ വീക്ഷിച്ച ആവേശകരമായ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് സ്‌കോര്‍ 1-1 ആയിരുന്നു. ഷൂട്ടൗട്ടില്‍ ബ്രസീല്‍ രണ്ട് ഷോട്ടുകള്‍ പാഴാക്കി. ഇംഗ്ലണ്ടിന്റെ ക്ലോ കെല്ലി സ്‌കോര്‍ ചെയ്തതോടെ ആതിഥേയര്‍ 4-2 ന് ജയിച്ചു.
ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ എല്ല ടൂണിന്റെ ഇരുപത്തിമൂന്നാം മിനിറ്റിലെ ഗോളിലൂടെ ആതിഥേയര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ബ്രസീല്‍ തിരിച്ചടിച്ചു. എങ്കിലും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റ് വരെ ഇംഗ്ലണ്ട് ലീഡ് കാത്തു. ഗോളി മേരി ഈര്‍പ്‌സിന്റെ പിഴവാണ് ഒടുവില്‍ ബ്രസീലിന് രക്ഷാകവചമായത്. ഈര്‍പ്‌സ് തട്ടിത്തെറിപ്പിച്ച പന്തില്‍ നിന്ന് ആന്ദ്രെസ ആല്‍വേസ് ഗോള്‍ മടക്കി.
ഷൂട്ടൗട്ടില്‍ ജോര്‍ജിയ സ്റ്റാന്‍വേ, റെയ്ച്ചല്‍ ഡാലി, അലക്‌സ് ഗ്രീന്‍വുഡ് എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ബ്രസീലിന്റെ താമിറേസിനും ക്യാപ്റ്റന്‍ റഫായേലക്കും പിഴച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് ഫൈനലിലും കെല്ലിയുടെ ഗോളാണ് ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചത്.