രണ്ട് ഗോള്‍ ലീഡ് തുലച്ചു, ഈസ്റ്റ്ബംഗാള്‍ പുറത്ത്
Apr 18, 2023, 07:15 IST
മഞ്ചേരി - അവസാന മത്സരത്തില്‍ രണ്ടു ഗോൾ ലീഡ് തുലച്ച ഈസ്റ്റ് ബംഗാള്‍ ഐസ്വാൾ എഫ് സി യോട് സമനില വഴങ്ങി സൂപ്പർ കപ്പിൽ നിന്ന് പുറത്തായി.
സൂപ്പര്‍ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഈസ്റ്റ്ബംഗാളും ഐസ്വാള്‍ എഫ്.സിയും 2-2 സമനില പാലിച്ചു. പ്രതീക്ഷ നിലനിര്‍ത്താന്‍ മൂന്നു ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്ന ഈസ്റ്റ്ബംഗാള്‍ 22 മിനിറ്റാവുമ്പോഴേക്കും രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.
പതിനേഴാം നവോറം മഹേഷ് സിംഗാണ് ആദ്യ ഗോളടിച്ചത്. ഇടതു വിംഗില്‍ നിന്ന് ഒന്നാന്തരം ത്രൂബോളിലൂടെ ക്ലെയ്റ്റന്‍ സില്‍വ ഗോളിലേക്ക് വഴിതുറന്നു. സുമീത് പാസിക്ക് പാസ് നല്‍കാനാണ് മഹേഷ് ശ്രമിച്ചത്. എന്നാല്‍ ഐസ്വാള്‍ ഗോളി വാന്‍ലാല്‍ റിയാപുയയുടെ കൈലില്‍ തട്ടിത്തിരിഞ്ഞ് പന്ത് വലയില്‍ കയറി. അഞ്ചു മിനിറ്റിനു ശേഷം മലയാളി താരം വി.പി സുഹൈറിന്റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ പാസി ലീഡ് വര്‍ധിപ്പിച്ചു.
ക്രമേണ ഐസ്വാള്‍ താളം കണ്ടു. ഇടവേളക്ക് അല്‍പം മുമ്പ് ലാല്‍റുവായ്തുലാംഗയിലൂടെ അവര്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡേവിഡ് ലാലന്‍സംഗ രണ്ടാം ഗോളും നേടി.
സെമിയും ഫൈനലും
രാത്രി ഏഴിന് തുടങ്ങും
കോഴിക്കോട് - സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സമയക്രമത്തില്‍ വീണ്ടും മാറ്റം. ഗ്രൂപ്പ് ഡി-യിലെ അവസാന മത്സരങ്ങള്‍ ഒരേസമയം നടക്കും. കോഴിക്കോടും മഞ്ചേരിയിലുമായി ഒരേ സമയം രാത്രി എട്ടരക്ക് കളിയാരംഭിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയും ചെന്നൈയന്‍ എഫ്.സിയും കൊമ്പുകോര്‍ക്കും. നോര്‍ത്ഈസ്റ്റ് യുനൈറ്റഡും ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയും തമ്മിലുള്ള കളി കോഴിക്കോട്ടാണ്.
സെമി ഫൈനലുകളും ഫൈനലും നേരത്തെ തുടങ്ങും. രാത്രി എട്ടരക്കു പകരം രാത്രി ഏഴിന്.