ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി

കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഗോകുലം കേരള ക്വാര്‍ട്ടറിലേക്ക് മുന്നേറി.
മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യമായിരുന്നു കൊല്‍ക്കത്തയില്‍. യുവ വിദേശ താരം ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ലീഡെഡുത്തു. 14ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റ് ജസ്റ്റിന്‍ കൃത്യമായി വലയിലെത്തിച്ചു. ലീഡുയര്‍ത്താന്‍ ഡാനിഷ് ഫാറൂഖിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.
മറുവശത്ത് സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. 38ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി ബെംഗളൂരു ഒപ്പമെത്തി. എഡ്മുണ്ട് ലാല്‍റണ്ടികയുടെ വകയായിരുന്നു ഗോള്‍. 52ാം മിനിറ്റില്‍ ആശിഷിലൂടെ ഒരു ഗോള്‍ കൂടെ തിരിച്ചടിച്ച് ബെംഗളൂരു ലീഡെഡുത്തു.
84ാം മിനിറ്റില്‍ മുഹമ്മദ് ഐമന്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമനില പിടിച്ചു. ഇതിനിടെ ഹോര്‍മിപാം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഐഎസ്എല്ലിലെ വിവാദങ്ങളും ട്രാന്‍സ്ഫറുകളും മങ്ങലേല്‍പിച്ചിരിക്കെ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിയോട് ബ്ലാസ്‌റ്റേഴ്‌സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരം സമനിലയിലായതോടെ ഗോകുലം കേരള ആറ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഗ്രൂപ്പ് സിയില്‍ ബ്ലാസ്‌റ്റേഴ്‌സിനും ബെംഗളൂരുവിനും രണ്ട് പോയിന്റ് വീതമാണുള്ളത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെയും ബെംഗളൂരു ഗോകുലം കേരളയെയും നേരിടും.