കൊവിഡ് പോസിറ്റീവായിട്ടും ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങി അയര്‍ലന്‍ഡ് താരം
കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടും ശ്രീലങ്കക്കെതിരെയുള്ള കളിക്കിറങ്ങി അയര്‍ലന്‍ഡ് താരം. അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ ജോര്‍ജ് ഡോക്ക്‌റല്‍ ആണ് ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. കൊവിഡ് പോസിറ്റീവായാലും കളിക്കുന്നതില്‍ തടസമില്ലെന്ന് ഐസിസി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡോക്ക്‌റലും കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ആറാം നമ്പറിലിറങ്ങിയ താരം 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 128 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനില്‍ ശ്രീലങ്ക വിജയത്തിലേക്ക് കുതിയ്ക്കുകയാണ്. ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിതരായവര്‍ നിര്‍ബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിന്‍വലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്കും ലോകകപ്പില്‍ കളിക്കാന്‍ ഐസിസി അനുമതി നല്‍കിയത്.