LogoLoginKerala

ഡല്‍ഹി ക്യാപിറ്റല്‍സിന് നാലാം ജയം

 
ipl

ന്യൂഡല്‍ഹി - വാലറ്റത്ത് നിന്ന് പൊരുതിക്കയറിയ ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഐ.പി.എല്ലില്‍ മുന്നേറി. പരമ്പരയിലെ നാലാം ജയത്തോടെ അവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മറികടന്നു. മൂന്നോവറിലേറെ ശേഷിക്കെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനാണ് ദല്‍ഹി തകര്‍ത്തത്. പത്തു കളികളില്‍ ബാംഗ്ലൂരിന്റെ അഞ്ചാം തോല്‍വിയാണ് ഇത്. സ്‌കോര്‍; ബാംഗ്ലൂര്‍ നാലിന് 181, ദല്‍ഹി 16.4ഓവറില്‍ മൂന്നിന് 187.
ഐ.പി.എല്ലില്‍ അമ്പതാം അര്‍ധ ശതകം സ്വന്തമാക്കിയ വിരാട് കോലിയെ മറികടന്നാണ് ദല്‍ഹി വിജയം പിടിച്ചത്. പതിനാറാം ഓവര്‍ വരെ ക്രീസിലുണ്ടായിരുന്ന കോലി (46 പന്തില്‍ 55) ഐ.പി.എല്ലില്‍ ഏഴായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്ററുമായി. കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും (32 പന്തില്‍ 45) പത്തോവറില്‍ 82 റണ്‍സ് അടിത്തറയിട്ടതോടെ ബാംഗ്ലൂര്‍ 200 കടക്കുമെന്ന് തോന്നിയതായിരുന്നു. എന്നാല്‍ പിന്നീട് ദല്‍ഹി ബൗളര്‍മാര്‍ നിയന്ത്രണം പിടിച്ചു. കോലി മുടന്തി. ഡുപ്ലെസിയെയും ഗ്ലെന്‍ മാക്സവെലിനെയും മിച്ചല്‍ മാര്‍ഷ് (30212) തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി. മഹിപാല്‍ ലംറോറാണ് (29 പന്തില്‍ 54 നോട്ടൗട്ട്) സ്‌കോര്‍ മുന്നോട്ടുനീക്കിയത്.
കഴിഞ്ഞ കളിയില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ വന്‍ പിഴ ശിക്ഷ ഏറ്റുവാങ്ങിയ കോലിയുടെ മുറിവില്‍ ഉപ്പു തേച്ചത് ഫില്‍ സാള്‍ടാണ് (45 പന്തില്‍ 87) സാള്‍ടും ക്യാപ്റ്റന്‍ ഡേവിഡ് വാണറും (14 പന്തില്‍ 22) അഞ്ചോവറില്‍ സേ്കോര്‍ 60 ലെത്തിച്ചു. മിച്ചല്‍ മാര്‍ഷിനൊപ്പം (17 പന്തില്‍ 26) രണ്ടാം വിക്കറ്റില്‍ 27 പന്തില്‍ സാള്‍ട് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇംപാക്ട് സബ് ഹര്‍ഷല്‍ പട്ടേലിന്റെ ആദ്യ ഓവറില്‍ മിച്ചല്‍ പുറത്തായെങ്കിലും റൈലി റൂസൊ (22പന്തില്‍ 35 നോട്ടൗട്ട്) സാള്‍ടിന് ഉറച്ച പിന്തുണ നല്‍കി.