LogoLoginKerala

സുനില്‍ഛേത്രിക്ക് ഹാട്രിക്, പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

 
sunil chethri

ബംഗളൂരു - സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ പാക്കിസ്ഥാനെ 4-0 ന് തകര്‍ത്ത ഇന്ത്യ സാഫ് ഫു്ടബോള്‍ കിരീട പോരാട്ടം തുടങ്ങി. ഇന്നടിച്ച ഹാട്രിക്കോടെ 138 രാജ്യാന്തര മത്സരങ്ങളില്‍ ഛേത്രിക്ക് 90 ഗോളായി. ലിയണല്‍ മെസ്സിയും (103) അലി ദാഇയും (109) ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും (123) മാത്രമാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. 15 മിനിറ്റാവുമ്പോഴേക്കും രണ്ട് തവണ പാക്കിസ്ഥാന്‍ വല കുലുക്കിയ ഛേത്രി 74ാം മിനിറ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കി. രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ പെനാല്‍ട്ടികളില്‍ നിന്നായിരുന്നു. എഴുപത്താറാം മിനിറ്റില്‍ ലാലിന്‍സുവാല ചാംഗ്ടെക്കു പകരം കളത്തിലിറങ്ങി നാല് മിനിറ്റ് പിന്നിടുമ്പോഴേക്കും ഉദാന്ത സിംഗും സ്‌കോര്‍ ചെയ്തു. 2014 നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കുന്നത്.

ഇടവേളക്ക് അല്‍പം മുമ്പ് ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലും തുടര്‍ന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സറ്റിമാക് ചുവപ്പ് കാര്‍ഡ് കണ്ടതും കളിയുടെ നിറം കെടുത്തി. ഒരു പാക്കിസ്ഥാന്‍ കളിക്കാരന്‍ തിടുക്കത്തില്‍ ത്രോ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് സ്റ്റിമാക്കിനെ റഫറി ശിക്ഷിച്ചത്. പാക്കിസ്ഥാന്‍ കളിക്കാരും കോച്ച് ഷഹ്സാദ് അന്‍വറും സ്റ്റിമാക്കിനു നേരെ പാഞ്ഞടുത്തു. പ്രിതം കോടാല്‍ ഫൗള്‍ ചെയ്യപ്പെട്ട ശേഷമാണ് പന്ത് പുറത്തു പോയതെന്നും അതിനാല്‍ പാക്കിസ്ഥാന്‍ ത്രോ അര്‍ഹിച്ചിരുന്നില്ലെന്നുമാണ് സ്റ്റിമാക് വാദിച്ചത്. പാക് കോച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.