സീസണിലെ ആദ്യ തോൽവി വഴങ്ങി ചെന്നൈയിൻ; ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്ത്

ചെന്നൈ: ഐഎസ്എല്ലില്‍ ആദ്യ തോൽവിയുമായി ചെന്നൈയിന്‍ എഫ് സി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഗോവയാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ ആറ് പോയന്‍റുമായി ഗോവ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയില്‍ റഡീം ത്ലാങും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോഹ സദൗയിയുമാണ് ഗോവക്കായി വല കുലുക്കിയത്. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ പന്തവകാശത്തിലും പാസിംഗിലും ഇരു ടീമുളും ഒപ്പത്തിനൊപ്പമായിരുന്നു. ഗോവയുടെ ഗോള്‍വലക്ക് താഴെ ധീരജ് സിംഗിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയിന് വിനയായത്.
ആദ്യ പകുതിയുടെ പത്താം മിനിറ്റില്‍ നോഹ സദൗയിയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റഡീം ത്ലാങ് ഗോവയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ചു ചെന്നൈയിൻ പന്തവകാശം നേടിയപ്പോൾ ഗോൾ മാത്രം അകന്നു നിന്നു. സമനില ഗോളിനായി കിടഞ്ഞു ശ്രമിച്ച ചെന്നൈയിനെ നിരാശപ്പെടുത്തി കൊണ്ട് എക്സ്ട്രാ ടൈമിൽ ഗോവ രണ്ടാം ഗോൾ നേടി ജയം അരക്കെട്ടിട്ടുറപ്പിച്ചു.