LogoLoginKerala

ഐ പി എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്

 
ipl finale

വിരമിക്കില്ല, ഇനിയും കളി തുടരുമെന്ന് മഹേന്ദ്രസിംഗ് ധോണി


അഹമ്മദാബാദ്- ഐപിഎല്ലില്‍ പത്താം ഫൈനല്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം കിരീടം കൈപ്പിടിയിലൊതുക്കി. മഴ മൂലം വെട്ടിച്ചുരുക്കിയെങ്കിലും ആവേശം ഒട്ടും ചോരാത്ത ഫൈനല്‍ മത്സരത്തില്‍ അവസാന പന്തിലാണ് ഫലം നിശ്ചയിക്കപ്പെട്ടത്. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വേണ്ടപ്പോള്‍ മോഹിത് ശര്‍മയെ സിക്‌സിനും ഫോറിനും പറത്തി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയ കിരീടം ചൂടിക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താനും ചെന്നൈക്കു സാധിച്ചു. 


ചെന്നൈയുടെ കടുത്ത ആരാധകര്‍ക്കു പോലും പ്രതീക്ഷ നഷ്ടപ്പെട്ടിടത്തു നിന്നാണ് അവസാന ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയം പിറന്നത്.  അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് പതിമൂന്ന് റണ്‍സാണ്. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പന്തേല്‍പ്പിക്കുന്നത് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരിലൊരാളായ മോഹിത് ശര്‍മയെ. ആദ്യ നാലു പന്തില്‍ പിറന്നത് മൂന്നു റണ്‍സ് മാത്രം. അഞ്ചാം പന്ത് രവീന്ദ്ര ജഡേജ ബൗളറുടെ തലയ്ക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു. ജയിക്കാന്‍ അവസാന പന്തില്‍ നാലു റണ്‍. ഷോര്‍ട്ട് ഫൈന്‍ ലെഗ് ഫീല്‍ഡറെ മറികടന്ന് ജഡേജയുടെ ഷോട്ട് ബൗണ്ടറിയിലേക്ക്. ആവേശോജ്വലമായ വിജയം ചെന്നൈക്കു സ്വന്തം.

ipl

അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് ജഡേജ വിജയ റണ്‍ നേടിയപ്പോഴും മൈതാനം ആര്‍ത്ത് വിളിച്ചപ്പോഴും ചെന്നൈയിന്‍ സെല്‍വന്‍  മഹി താന്‍ ഇരുന്ന കസേരവിട്ട് എഴുന്നേറ്റില്ല. അതിവൈകാരികതയില്ലാതെ തലച്ചോറ് കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന, സഹതാരങ്ങളെ കളിക്കാന്‍ പ്രേരിപ്പിക്കുന്ന കിരീടത്തോടുള്ള കൊതി തീരാത്ത ഇതിഹാസം അമിതാഹ്ലാദമില്ലാതെ പുഞ്ചിരിച്ചു.

കിരീട വിജയത്തിനൊപ്പം രണ്ടു മാസക്കാലമായി ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആ ഉത്തരവുമെത്തി. ഐപിഎല്ലില്‍ ഈ സീസണോടെ കളി അവസാനിപ്പിക്കുന്നില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോനി വ്യക്തമാക്കി. ശരീരം അനുവദിക്കുമെങ്കില്‍ ഇനിയും കളിക്കുമെന്നും ആരാധകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുമ്പോള്‍ കളി അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും ധോണി പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. ചെന്നൈ മൂന്നു പന്തില്‍ നാലു റണ്‍സെടുത്തു നില്‍ക്കെ മഴയെത്തിയതിനെത്തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അവര്‍ ലക്ഷ്യവും നേടി. ജഡേജയും (6 പന്തില്‍ 15) ശിവം ദുബെയും (21 പന്തില്‍ 32) പുറത്താകാതെ നിന്നു.