കണക്ക് തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്, കോഴിക്കോട്ട് ഇന്ന് ആവേശേപ്പോര്
Apr 16, 2023, 14:44 IST
ഐ.എസ്.എല്ലിന്റെ പ്ലേഓഫില്‍ ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പകുതി വെച്ചു ഉപേക്ഷിച്ചു പോയ വിവാദ മത്സരത്തിന്റെ വാശി തീര്‍ക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ട് ഇന്ന് ബൂട്ട് കെട്ടുന്നു. സൂപ്പര്‍ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും ഇന്ന് കൊമ്പുകോര്‍ക്കും. ഐ.എസ്.എല്‍ പ്ലേഓഫില്‍ ബംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ വിവാദമായി വളരുകയും ബ്ലാസ്‌റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുകൂമനോവിച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കനത്ത പിഴയിടുകയും ചെയ്തിരുന്നു. അതിന് കളിക്കളത്തില്‍ കണക്ക് ചോദിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടുന്ന ആദ്യ അവസരമാണ് ഇത്.
കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ ഇന്ന് ഗ്രൂപ്പ് എ-യിലെ അവസാന അംങ്കത്തിന് പന്തുരുളുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബംഗളൂരുവിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ മത്സരം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അന്നത്തെ മത്സരത്തെ അപേക്ഷിച്ച് ഏറെ ദുര്‍ബലമാണ് ബ്ലാസ്റ്റേഴ്‌സ്. പരിശീലകന്‍ ഇവാന്‍ വുകൂമനോവിച് സസ്‌പെന്‍ഷനിലാണ്. അഡ്രിയന്‍ ലൂണയുള്‍പ്പെടെ പ്രധാന കളിക്കാരുമില്ല. എങ്കിലും നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.
ഒരേസമയം നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്.സിയും ശ്രീനിധി ഡെക്കാനും ഏറ്റുമുട്ടുന്നുണ്ട്. ശ്രീനിധിക്കും ബംഗളൂരുവിനും രണ്ടു കളിയില്‍ നാല് വീതം പോയന്റുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് രണ്ടു കളിയില്‍ മൂന്നു പോയന്റും.