ഐലീഗ് ചാമ്പ്യനെ മുട്ടുകുത്തിച്ച് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം (3 - 1 )
Apr 8, 2023, 23:17 IST

കോഴിക്കോട് - കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ വിജയത്തോടെ തുടങ്ങി. ഐ-ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിയെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പിച്ചു. നാല്‍പത്തൊന്നാം മിനിറ്റില്‍ ദിമിത്രിയോസ് ദിയമന്താകോസ് പെനാല്‍ട്ടിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളടിച്ചത്. അമ്പത്തിനാലാം മിനിറ്റില്‍ നിഷുകുമാര്‍ ലീഡുയര്‍ത്തി. എന്നാല്‍ എഴുപത്തിനാലാം മിനിറ്റില്‍ കൃഷ്ണാനന്ദ സിംഗ് ഒരു ഗോള്‍ മടക്കിയതോടെ അവസാന നിമിഷങ്ങള്‍ പിരിമുറുക്കത്തിന്റേതായി. ഇഞ്ചുറി ടൈമില്‍ കെ.പി രാഹുലിന്റെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പിച്ചത്. ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സാണ് ആക്രമിച്ചത്. നാലാം മിനിറ്റില്‍ തന്നെ മികച്ച അവസരം മഞ്ഞപ്പട പാഴാക്കി. ഇടതു വിംഗില്‍ സഹല്‍ അബ്ദുല്‍സമദ് പഞ്ചാബ് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. സഹലിന്റെ കുതിപ്പാണ് പതിനേഴാം മിനിറ്റില്‍ ആദ്യ കോര്‍ണറിന് വഴിവെച്ചത്. ദിയാമന്താകോസും വിപിനും ദാനിഷ് ഫാറൂഖിയുമൊക്കെ പഞ്ചാബ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. സൗരവും സഹലും ചേര്‍ന്നുള്ള നീക്കത്തിനൊടുവില്‍ സഹലിന്റെ ഷോട്ട് ഗോളി കിരണ്‍ സമര്‍ഥമായി തടുക്കുകയായിരുന്നു. നാല്‍പതാം മിനിറ്റില്‍ സൗരവിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്.