ബ്ലാസ്റ്റേഴ്സ് പുറത്ത്, ബംഗളൂരു സെമിയില്‍
Apr 17, 2023, 06:14 IST
കോഴിക്കോട് - 1-1 സമനിലയോടെ സൂപ്പര്‍ കപ്പില്‍ ബംഗളൂരു സെമി ഫൈനലിലെത്തി. ഐ.എസ്.എല്ലിന്റെ പ്ലേഓഫില്‍ ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പകുതി വെച്ചു ഉപേക്ഷിച്ചു പോയ കണക്ക് കോഴിക്കോട്ട് സ്വന്തം കാണികള്‍ക്കു മുന്നില്‍ തീര്‍ക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായില്ല.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഐ-ലീഗ് ചാമ്പ്യന്മാരും റണ്ണേഴ്അപ്പും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബ് എഫ്.സിയോട് 0-1 ന് ശ്രീനിധി ഡെക്കാന്‍ തോറ്റത് ബംഗളൂരുവിന്റെ കാര്യങ്ങള്‍ എളുപ്പമാക്കി. ബംഗളൂരുവിന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്റുണ്ട്. ശ്രീനിധി ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി രണ്ടാമതായി. ബ്ലാസ്‌റ്റേഴ്‌സിനും ഇതേ റെക്കോര്‍ഡാണ്. ആദ്യ രണ്ടു കളിയും തോറ്റ ഐ-ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് ആശ്വാസ ജയവുമായി മടങ്ങി.
ഇരുപത്തിമൂന്നാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡ് നേടിയപ്പോള്‍ എഴുപത്തെട്ടാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമാന്‍ഡാകോസാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി തിരിച്ചടിച്ചത്. വിജയ ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ശ്രീനിഥി ഡെക്കാണെതിരേ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരായ നിര്‍ണായക മത്സരത്തിന് ടീമിനെ ഇറക്കിയത്.
ഐ.എസ്.എല്‍ പ്ലേഓഫില്‍ ബംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ വിവാദമായി വളരുകയും ബ്ലാസ്‌റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുകൂമനോവിച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കനത്ത പിഴയിടുകയും ചെയ്തിരുന്നു. അതിന് കളിക്കളത്തില്‍ കണക്ക് ചോദിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ ആദ്യ അവസരമായിരുന്നു ഇത്.