ഒറ്റ കീപ്പറുമായി ഓസ്ട്രേലിയ; വെയ്ഡിന് പരുക്കേറ്റാല്‍ വാർണറോ ഫിഞ്ചോ കീപ്പർ സ്‌ഥാനം ഏറ്റെടുക്കും

മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിലവിൽ വിക്കറ്റ് കീപ്പറായി മാത്യു വെയ്ഡ് മാത്രമാണുള്ളത്. രണ്ടാം വിക്കറ്റ് കീപ്പറായിരുന്ന ജോഷ് ഇംഗ്ലിസ് പരുക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ഓസീസ് 15 അംഗ ടീമിലെടുത്തത് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയായിരുന്നു. ഇന്ത്യക്കെതിരായ ടി20 പമ്പരയില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയ താരമാണ് ഗ്രീൻ.
എന്നാല്‍ ആരാധകരുടെ സംശയം വിക്കറ്റ് കീപ്പർ വെയ്ഡിന് പരുക്കേറ്റാല്‍ ആര് ആ സ്‌ഥാനം ഏറ്റെടുക്കും എന്നതായിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. സീനിയർ താരമായ ഓപ്പണർ ഡേവിഡ് വാര്‍ണറാകും വെയ്ഡിന് പരുക്കേറ്റാല്‍ പകരം കീപ്പറാകുകയെന്ന് ഫിഞ്ച് വെളിപ്പെടുത്തി. വാര്‍ണര്‍ കീപ്പിംഗ് പരിശീലനം നടത്തുന്നുണ്ടെന്നും വാര്‍ണര്‍ക്ക് പറ്റിയില്ലെങ്കില്‍ ക്യാപ്റ്റനായ താനും കീപ്പറാവാൻ തയ്യാറാണെന്നും ഫിഞ്ച് പറഞ്ഞു.
തല്‍ക്കാലും വെയ്ഡിന് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാര്‍ണറെ കീപ്പറാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫിഞ്ച് പറഞ്ഞു. ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെയും കീപ്പർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും താരം വെളിപ്പെടുത്തി. നാളെ ന്യൂസിലന്‍ഡിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ സൂപ്പര്‍ 12 പോരാട്ടം.