LogoLoginKerala

ഈ പാകിസ്ഥാൻ ടീമിനെ പേടിക്കണം; മറ്റൊരു ഇന്ത്യ പാകിസ്ഥാൻ ഫൈനലിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുമോ!

 
pak

ഡോ. അൻഷാദ് നാസറുദ്ധീൻ

ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ കെല്പുള്ളവർ എന്നൊക്കെ നാം പലരെയും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെ പറന്നുയർന്ന് ഒരു സ്വപ്‍ന നേട്ടത്തിന്റെ അരികിലെത്തി നിൽക്കുന്ന ഒരു ടീമിനെ പരിചയപ്പെടുത്താം. വാക്കുകൾ മതിയാവില്ല ഈ ടീമിന്റെ പ്രയാണത്തെ വിശേഷിപ്പിക്കാൻ!! അതെ...പറഞ്ഞു വരുന്നത് സാക്ഷാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പറ്റിയാണ്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായ ന്യൂസിലാന്‍ഡിനെ ഇന്ന് നടന്ന സെമിയില്‍ കെട്ടുകെട്ടിച്ചതിലൂടെ പാക്കിസ്ഥാന് കിരീടത്തിലേക്കുള്ള ദൂരം ഒരു മത്സരം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്റ് തുടക്കത്തില്‍ സിംബാബ്വെയോടും ഇന്ത്യയോടുമെല്ലാം തോറ്റ് തുടങ്ങിയ പാക്കിസ്ഥാന്‍ സെമിയിലെത്തുമെന്ന് തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കുകയും താരതമ്യേന  ദുര്‍ബലരായ ഹോളണ്ടിനോട് ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്തതോടെയാണ് പാകിസ്താന് സെമിയിലെത്താന്‍ കളമൊരുങ്ങിയത്.


ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയതോടെ പാക് ആരാധകര്‍ പ്രതീക്ഷിക്കുന്നത് 1992 ലോകകപ്പ് ആവര്‍ത്തിക്കുമോയെന്നാണ്. ഓസ്‌ട്രേലിയയില്‍ നടന്ന അന്നത്തെ ഏകദിന ലോകകപ്പില്‍ തോറ്റുകൊണ്ടാണ് പാക്കിസ്ഥാൻ തുടങ്ങിയത്. തുടക്കംപാളിയതോടെ ക്രിക്കറ്റ് ആരാധകര്‍ പാക്കിസ്ഥാനെ എഴുതിതള്ളുകയും ചെയ്തിരുന്നു. അന്നും ഇന്ത്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റു കൊണ്ടാണ് പാക്കിസ്ഥാൻ തുടങ്ങിയത്. പിന്നീട് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ജയിച്ചു നെറ്റ്റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സെമിയിലേക്ക്. അന്ന് മികച്ച ഫോമില്‍ കളിച്ചിരുന്ന കിവീസിനെ കീഴടക്കി ഫൈനലിലേക്കും അവിടെ നിന്ന് ലോകകപ്പ് വിജയത്തിലേക്കും. ഇമ്രാൻ ഖാന്റെ കീഴിൽ ഇറങ്ങിയ പാക് നിര വമ്പന്മാരായ ഇംഗ്ളണ്ടിനെ 22 റൺസിന്‌ പരാജയപ്പെടുത്തിയാണ് തങ്ങളുടെ ആദ്യ ലോകകപ്പിൽ മുത്തമിട്ടത്. 

എന്നാൽ ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയലിലെത്തിയ പാക്കിസ്ഥാന്‍ സംഘവും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. മെല്‍ബണ്‍ ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം. ഇന്ത്യക്കെതിരായ അവസാനപന്തിലെ തോല്‍വി വലിയതോതില്‍ ടീമിനെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ദുര്‍ബലരായ സിംബാബ്വെയ്ക്ക് മുന്നില്‍ വീണതോടെ എല്ലാം അവസാനിച്ചുവെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതി. തുടർച്ചയായ രണ്ടു തോൽവികൾ ടീമിനെ മൊത്തത്തിൽ നിരാശപെടുത്തിയെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാവാത്ത പാക്കിസ്ഥാൻ ടീമിനെയാണ് പിന്നീട് കണ്ടത്. ടൂര്‍ണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ടീം തുടർച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിച്ചു. ദുർബലരായ നെതെർലണ്ടിനെതിരെയും, ശ്കതരായ ദക്ഷിണാഫ്രിക്കക്കെതിരെയും കറുത്ത കുതിരകളായ ബംഗ്ലാദേശിനെതിരെയും വമ്പൻ വിജയം സ്വന്തമാക്കിയ പാക്കിസ്ഥാൻ അവരുടെ സെമി സാധ്യത നിലനിർത്തുകയായിരുന്നു.


എന്നാൽ സെമി ഉറപ്പിക്കാൻ അവർക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു. ശക്തരായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും അവരുടെ അടുത്ത മത്സരങ്ങളിൽ തോറ്റാൽ മാത്രമേ അവർക്ക് സെമി സാധ്യത ഉണ്ടായിരുന്നുള്ളു. പാകിസ്താന്റെ പ്രാർത്ഥനയെന്നോ ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യമെന്നോ പറയണം; സെമി ഉറപ്പിക്കും എന്ന് കരുതിയ ദക്ഷിണാഫിക്ക താരതമ്യേന ദുർബലരായ നെതെർലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന്റെ മുന്നിൽ സെമിയിലേക്കുള്ള വാതിൽ തുറന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ബാബറും സംഘവും നേരെ സെമിയിലേക്ക്! സ്വപ്ന തുല്യമായ ആ സെമിയിൽ ടിക്കറ്റ് നേടിയ പാക്കിസ്ഥാൻ ആവട്ടെ ടൂര്‍ണമെന്റില്‍ സ്ഥിരതയോടെ കളിക്കുന്ന ന്യൂസിലാന്‍ഡിനെതിരെ മികച്ച വിജയത്തോടെ ഇന്നിതാ ഫൈനലിൽ എത്തി നിൽക്കുന്നു. ഓപ്പണര്‍മാരായ ബാബര്‍ അസമും റിസ്വാനും ഫോമിലേക്ക് തിരിച്ചെത്തിയതും ബൗളിംഗില്‍ കുന്തമുനയായ ഷഹീന്‍ഷാ അഫ്രീദി താളംകണ്ടെത്തിയതും ഫൈനലില്‍ ഇറങ്ങുന്ന പാക്ക് സംഘത്തിന് ആശ്വാസമാണ്. മികച്ചബോളിംഗ് നിരയാണ് ടീമിന്റെ കരുത്ത്. സമീപകാലത്ത് മങ്ങിയഫോമില്‍ കളിച്ചിരുന്ന ബാബര്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച ഷോട്ടുകള്‍കളിച്ച് കളിവേഗം കൂട്ടിയത് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് സെമിയിലെ വിജയികളെ 13ന് മെൽബണിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാൻ നേരിടുമ്പോൾ ലോക ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് ആ സ്വപ്ന നിമിഷത്തിനാണ്!! അതെ, മറ്റൊരു  ഇന്ത്യ പാകിസ്ഥാൻ ഫൈനൽ ആയിരിക്കുമോ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്! അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.