മികവ് കാട്ടാത്ത സീനിയർ താരങ്ങളെ ഒഴിവാക്കണം; യുവ താരങ്ങളെ പിന്തുണച്ച് വിരേന്ദർ സെവാഗ്
സീനിയർ താരങ്ങൾ മികവിലേക്ക് ഉയർന്നില്ലെങ്കിൽ ബിസിസിഐ അവരെ ടീമിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാവണമെന്ന് വിരേന്ദർ സെവാഗ്. യുവതാരങ്ങളെ ശെരിയായ രീതിയിലല്ല ക്രിക്കറ്റ് ബോർഡ് ഉപയോഗിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രം കളിപ്പിക്കുകയും പിന്നീട് ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ഒഴിവാക്കുകയും ചെയ്യുന്നത് ശെരിയല്ലെന്നും വിരേന്ദർ സെവാഗ് തുറന്നടിച്ചു. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടലായ ക്രിക് ബസിനോട് സംസാരിക്കുകയായിരുന്നു സെവാഗ്.
‘ഈ യുവതാരങ്ങളെല്ലാം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച് പരിചയമുള്ളവരാണ്. അവിടെ റണ്‍സടിച്ചിട്ടുമുണ്ട്. ദ്വിരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ പരീക്ഷിക്കും. എന്നിട്ട് വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ യുവതാരങ്ങളെ മാറ്റി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും’ - സെവാഗ് പറഞ്ഞു.
ഇപ്പോള്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും യുവതാരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയാലും യുവതാരങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. സീനിയര്‍ താരങ്ങള്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവര്‍ പുറത്താവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കുകയും മികവിലേക്ക് ഉയരാത്ത സീനിയര്‍ താരങ്ങളെ നന്ദി അറിയിച്ച് ഒഴിവാക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറാവണമെന്നും സെവാഗ് പറഞ്ഞു.