LogoLoginKerala

ആവേശക്കളി; ചുവപ്പു കാർഡുകൾ; ഒടുവിൽ ഒരു ഗോളിന് ചെന്നൈയിന് ജയം

 
isl

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി ചെന്നൈയിന്‍ എഫ്‌സി. രണ്ട് ചുവപ്പ് കാര്‍ഡുകള്‍ ഉയര്‍ന്ന മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ചെന്നൈയിന്‍റെ ജയം. 

കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ ഗോള്‍രഹിതമായി പിരിഞ്ഞു. എന്നാല്‍ രണ്ടാംപകുതിയിൽ നാടകീയമായ അന്തരീക്ഷമായിരുന്നു. 69-ാം മിനുറ്റില്‍ ആകാശ് സങ്വാൻ എടുത്ത കോർണറിൽ നിന്നും വഫ ഹഖമാനേഷി ചെന്നൈയിനായി ഗോൾ കണ്ടെത്തി. 60-ാം മിനുറ്റിൽ ആദ്യ മഞ്ഞ കാർഡ് നേടിയ വഫ ഹഖമാനേഷി ഗോൾ നേടിയതിനു പിന്നാലെ ജേഴ്‌സി ഊരി സെലിബ്രേറ്റ് ചെയ്തതിന്റെ പേരിൽ രണ്ടാം മഞ്ഞയും ചുവപ്പ് കാര്‍ഡും കണ്ട് പുറത്തായി.

കളി തുടങ്ങി അഞ്ചാം മിനുറ്റിൽ മഞ്ഞ കാർഡ് കണ്ട ഈസ്റ്റ് ബംഗാളിന്‍റെ സാര്‍ഥക് ഗോലൂയി 74-ാം മിനുറ്റില്‍ ചെന്നൈയിന്റെ അനിരുദ്ധ് താപ്പയെ ഫൗൾ ചെയ്തതിന്റെ പേരിൽ രണ്ടാം മഞ്ഞയും ചുവപ്പ് കാര്‍ഡും കണ്ടു മടങ്ങി. പിന്നീട് ഇരു ടീമുകളും പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. നാല് കളിയില്‍ ഏഴ് പോയിന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോൾ മൂന്ന് പോയിന്‍റുമായി പത്താമതാണ് ഈസ്റ്റ് ബംഗാള്‍ എഫ് സി. 

ഐഎസ്എല്ലില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. നാളത്തെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒഡിഷ എഫ്‌സി നേരിടും. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്‍പതും അക്കൗണ്ട് തുറക്കാത്ത നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്തുമാണ്.