LogoLoginKerala

രാഹുൽ ദ്രാവിഡിന് വിശ്രമം; ന്യൂസീലൻഡ് പര്യടനത്തിൽ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും

 
laxman

ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനാലാണ് ലക്ഷ്മണിനെ പരിശീലകനാക്കിയത്. ഈ മാസം 18ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ നേരത്തെ തന്നെ വിശ്രമം അനുവദിച്ചിരുന്നു. നിലവിലെ ടീമിന്റെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ലക്ഷ്മണിനൊപ്പം ചേരും. ടി-20 ലോകകപ്പിന് മുന്നേ നടന്ന സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്മണാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.

ഹാർദിക് പാണ്ഡ്യ ടി-20 ടീമിനെ നയിക്കുമ്പോൾ ശിഖർ ധവാനാണ് ഏകദിന ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസൺ ഇരു സ്ക്വാഡുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് വെല്ലിങ്ങ്ടണിൽ നടക്കുന്ന ടി-20 മത്സരത്തോടെ പര്യടനം ആരംഭിക്കും. 20ന് ബേ ഓവലിലും 22ന്  നേപിയറിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. ആദ്യ ഏകദിന മത്സരം നവംബർ 25ന് ഓക്ക്ലൻഡിലും രണ്ടും മൂന്നും ഏകദിനങ്ങൾ 27ന് ഹാമിൽട്ടണിലും 30ന് ക്രൈസ്റ്റ്ചർച്ചിലും നടക്കും.