LogoLoginKerala

ക്വാര്‍ട്ടറിനൊരുങ്ങുന്ന അർജന്റീനയ്ക്ക് തിരിച്ചടി; പരിക്കിന്റെ പിടിയിൽ രണ്ട് താരങ്ങൾ

 
depaul
ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് ഡി പോള്‍

ത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ നാളെ കരുത്തരായ നെതര്‍ലാന്‍ഡിനെ നേരിടാനൊരുങ്ങുന്ന അർജന്റീനയ്ക്ക് തിരിച്ചടി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ടീമിന് തുണയായ മധ്യനിര താരം റോഡ്രിഗോ ഡി പോളിന് പരിക്കേറ്റതാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടെ താരത്തിന്റെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു.
 
പരിക്കിനെ തുടര്‍ന്ന് താരം പ്രത്യേകമാണ് പരിശീലനം നടത്തിയിരുന്നത്. താരത്തിന്റെ അവസാനഘട്ട പരിശോധനകള്‍ കൂടി കഴിഞ്ഞ ശേഷമേ പരിശീലകൻ സ്‌കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
എന്നാൽ ഡി പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് ഡി പോള്‍.

അതേസമയം മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസും പരിക്കിന്റെ പിടിയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ അർജന്റീന ആരാധകർക്ക് ആശ്വാസമാകുന്നത് പരിക്കേറ്റ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തുന്നതായിരിക്കും. കഴിഞ്ഞ മത്സരത്തിൽ വിട്ടു നിന്ന താരം ക്വാർട്ടർ മത്സരത്തിനായി തീവ്ര പരിശീലനത്തിലാണ്. മെസ്സിയിലേക്ക് പന്തെത്തിക്കാൻ അര്ജന്റീന നിരയിൽ ഏറ്റവും കെല്പുള്ള താരമാണ് എയ്ഞ്ചല്‍ ഡി മരിയ.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ക്വാർട്ടർ മത്സരം. നാളെ രാത്രി 8 .30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും.അതേസമയം  ക്വാർട്ടറിൽ ബ്രസീലും അർജന്റീനയും വിജയിച്ചു കയറുകയാണെങ്കിൽ ഒരു ബ്രസീൽ അർജന്റീന പോരാട്ടത്തിനായിരിക്കും സെമിയിൽ ലോകം സാക്ഷ്യം വഹിക്കുക.