ടോം ലാഥമിന്റെ സെഞ്ച്വറിയിൽ തകർപ്പൻ ജയം സ്വന്തമാക്കി ന്യൂസീലൻഡിന്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ടോം ലാഥമും മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ കെയ്ന്‍ വില്യംസനുമാണ് ന്യൂസീലന്‍ഡിന്റെ വിജയ ശിൽപികൾ.
തകർത്തടിച്ച ടോം ലാഥം 104 പന്തില്‍ 19 ഫോറും അഞ്ച് സിക്‌സും സഹിതം 145 റൺസ് നേടിയപ്പോൾ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 94 റണ്‍സെടുത്തു. ഡേവണ്‍ കോണ്‍വെ (24), ഡയ്ല്‍ മിച്ചല്‍ (11), ഫിന്‍ അലന്‍ (24) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരൻ ഉമ്രാന്‍ മാലിക്ക് രണ്ടും ഷാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പുറമെ സഞ്ജു സാംസണും വാഷിംഗ്ടണ്‍ സുന്ദറും തിളങ്ങിയപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്കെത്തി. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ 77 പന്തില്‍ 13 ഫോറടക്കം 72 റണ്‍സെടുത്തു. ഗില്ലാകട്ടെ 65 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 50 റണ്‍സാണ് നേടിയത്. ആദ്യവിക്കറ്റില്‍ 123 റൺസ് കൂട്ടിച്ചേർത്തതിന് ശേഷം പിന്നാലെയത്തിയ റിഷഭ് പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 23 പന്തില്‍ 15 റണ്‍സാണ് പന്തിനു നേടാനായത്. പിന്നാലെ നാല് റണ്‍സെടുത്ത സൂര്യയും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.
നാലിന് 160 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ശ്രേയസ് അയ്യരും സഞ്ജു സാസണും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 94 റണ്‍സാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത്. 38 പന്തില്‍ നാല് ഫോറടക്കം 36 റണ്‍സെടുത്ത സഞ്ജുവിനെ മില്‍നയുടെ പന്തില്‍ തകർപ്പൻ ക്യാച്ചിലൂടെ ഫിലിപ്പ് പുറത്താക്കുകയായിരുന്നു. ശ്രേയസ് 76 പന്തില്‍ നാല് വീതം സിക്സും ഫോറുമടക്കം 80 റൺസ് എടുത്ത് അവസാന ഓവറിൽ പുറത്തായി.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 16 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും സഹിതം പുറത്താകാതെ 37 റണ്‍സടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുകയായിരുന്നു. താക്കൂര്‍ രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. ന്യൂസീലന്‍ഡിനായി ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദം മില്‍നെ ഒരു വിക്കറ്റും സ്വന്തമാക്കി.