ലോകകപ്പിലേക്ക് രണ്ടടി ദൂരം; പേസര്‍മാര്‍ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒരുക്കി ടീം മാനേജ്‌മന്റ്

ടി20 ലോകകപ്പില്‍ കിരീടത്തിനപ്പുറം മറ്റൊന്നും ഇന്ത്യൻ ടീമിന്റെ ലക്ഷ്യത്തിലില്ല. ഇപ്പോഴിതാ സെമി ഫൈനലിലായുളള അഡ്‌ലെയ്ഡിലേക്കുളള വിമാനയാത്രയില്‍ ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍ക്കായി തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും. മെല്‍ബണില്‍ നിന്ന് അഡ്‌ലെയിഡിലേക്കുള്ള യാത്രയിലാണ് പേസര്‍മാര്‍ക്കായി തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ഒഴിഞ്ഞുകൊടുത്തത്.
പേസര്‍മാര്‍ക്ക് കാല് നീട്ടിവെച്ച് മതിയായി വിശ്രമിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗം വെളിപ്പെടുത്തിയത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, എന്നിവര്‍ക്കാണ് മൂവരും തങ്ങളുടെ ബിസിനസ് ക്ലാസ് ടിക്കറ്റ് നീക്കിവെച്ചത്.
Good decision by Indian team management to manage the workload of pace bowlers.
— CricTracker (@Cricketracker) November 8, 2022
#T20WorldCup #T20WC2022 #cricketTwitter pic.twitter.com/huiN400yMx
ഐസിസി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരു ടീമിലെ നാലു പേര്‍ക്ക് മാത്രമാണ് വിമാനയാത്രയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കുക. ടീമിന്റെ നായകന്‍, വൈസ് ക്യാപ്റ്റന്‍, പരിശീലകന്‍, ടീം മാനേജര്‍ എന്നിവര്‍ക്കാണ് സാധാരണഗതിയില്‍ മിക്ക ടീമുകളും ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നീക്കി വെക്കാറുള്ളത്. എന്നാല്‍ ലോകകപ്പിനിടെ ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് മൂന്നോ നാലോ ദിവസം കൂടുമ്പോൾ വിമാനയാത്ര നടത്തേണ്ടിവന്നതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വിശ്രമിക്കാന്‍ കഴിയുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
അതേസമയം ആദ്യ സെമിയിൽ നാളെ പാക്കിസ്ഥാൻ ന്യൂസീലാൻഡിനെ സിഡ്‌നിയിൽ നേരിടും. അഡ്‌ലെയിഡിൽ വ്യാഴാഴ്ച 1.30 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനൽ. ഇതിലെ വിജയികൾ മെൽബണിൽ 13ന് നടക്കുന്ന ഫൈനലിൽ പോരാടും.