നാട്ടിലെത്തിയ ജപ്പാൻ ടീമിന് ഊഷ്മള സ്വീകരണം നൽകി ആരാധകർ
പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഖത്തർ ലോകകപ്പിൽ ഏഷ്യൻ ഫുട്ബോളിന്റെ ശക്തിയായിരുന്നു ജപ്പാൻ. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. ആരാധകരുടെ മനം കവർന്ന ജപ്പാന് അതി ഗംഭീര വരവേൽപ്പാണ് നാട്ടിൽ കിട്ടിയിരിക്കുന്നത്. ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ പൂച്ചെണ്ടുമായാണ് അധികൃതർ സ്വീകരിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ശക്തരായ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ നോക്ക് ഔട്ടിലേക്കുള്ള കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസുവിനേയും, ക്യാപ്റ്റൻ മായ യോഷിദയെയും ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. വ്യക്തിഗത മികവുകളും ടീം പ്രയത്നവും കൊണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങൾക്ക് പോരാടാന്‍ കഴിയുമെന്ന് പരിശീലകൻ മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
A heroes' welcome home for Japan 🇯🇵❤#FIFAWorldCup #Qatar2022 pic.twitter.com/ByYVZa0Ck5
— FIFA World Cup (@FIFAWorldCup) December 7, 2022
ഖത്തർ ലോകകപ്പിൽ ഏറ്റവും ശ്രദ്ധേയമായ ടീമായിരുന്നു ജപ്പാൻ. ഓരോ മത്സരത്തിന് ശേഷവും ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കുകയും ടവ്വലുകള്‍ അടുക്കി വെയ്ക്കുകയും വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ചിട്ടയോടെ സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
താരങ്ങൾക്ക് പുറമെ ജപ്പാൻ ആരാധകരും ലോകത്തെ അമ്പരപ്പിച്ചിരുന്നു. ജപ്പാൻ്റെ മത്സരങ്ങൾ കഴിയുമ്പോൾ സ്‌റ്റേഡിയത്തില്‍ കാണികള്‍ ഉപേക്ഷിച്ചുപോയ കുപ്പിയും മാലിന്യങ്ങളുമെല്ലാം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ജന പ്രശംസ നേടിയിരുന്നു. എന്നാൽ ലോകകപ്പിൽ മാത്രമല്ല, പല വേദികളിലും ജപ്പാൻ ആരാധകർ ഇത് പിന്തുടരാറുണ്ട് എന്നതാണ് പ്രശംസനീയം.