പിറന്ന മണ്ണിനെതിരെ ഗോൾ നേടിയിട്ടും ആഘോഷിക്കാതെ സ്വിസ് താരം
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡും കാമറൂണും തമ്മിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബായ മൊണോക്കോയുടെ സ്ട്രൈക്കർ ബ്രീൽ എംബോളോയുടെ ഗോളിൽ സ്വിറ്റ്‌സർലൻഡ് വിജയം സ്വന്തമാക്കിയിരുന്നു. 48–ാം മിനുട്ടിൽ മുൻ ലിവർപൂൾ താരമായ ഷാക്കിരിയുടെ അളന്നു മുറിച്ച പാസ് ബോക്സിൽ നിന്ന എംബോളോ നിഷ്പ്രയാസം ഗോൾ ആക്കി മാറ്റുകയായിരുന്നു.
വിജയ ഗോൾ നേടിയിട്ടും ആഘോഷിക്കാൻ തയ്യാറാവാതെ ബ്രീൽ എംബോളോ നിശബ്ദനായി നിന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഗോൾ നേടിയ ഉടനെ കൈകളുയർത്തി മുഖം പൊത്തി നിന്ന താരത്തിന്റെ അടുത്തേക്ക് സ്വിസ് സഹതാരങ്ങൾ ഗോളാഘോഷിക്കാൻ ഓടിയെത്തിയപ്പോഴും എംബോളോ അതെ നിൽപ്പ് തുടരുകയാണ് ചെയ്‌തത്. പിറന്ന മണ്ണിനോടുള്ള സ്നേഹമാണ് താരത്തെ അതിനു പ്രേരിപ്പിച്ചത്. 25 കാരനായ എംബോളോ കാമറൂണിലെ യോണ്ടേയിലാണ് ജനിച്ചതെങ്കിലും പിന്നീട് സ്വിറ്റ്സർലന്റിലേക്ക് കുടിയേറുകയായിരുന്നു.
എംബോളോ ജനിച്ചതും ഒരു പ്രായം വരെ വളർന്നതും കാമറൂൺ തലസ്ഥാനമായ യാവുണ്ടേയിൽ ആയിരുന്നു. അതിനു ശേഷം അഞ്ചാം വയസിൽ താരം ഫ്രാൻസിലേക്ക് മാതാവിനൊപ്പം കുടിയേറി. അവിടെ നിന്നും എംബോളയുടെ മാതാവ് സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ഭാവി ഭർത്താവിനൊപ്പം സ്വിസ് നഗരമായ ബേസലിൽ എത്തുകയായിരുന്നു. പിന്നീട് അവിടെ വളർന്ന എംബോളോക്ക് 2014ൽ സ്വിസ് പൗരത്വം ലഭിക്കുകയും അതിന്റെ തൊട്ടടുത്ത വർഷം താരം ദേശീയ ടീമിനു വേണ്ടി കളിക്കാൻ ആരംഭിക്കുകയും ചെയ്‌തു.
സ്വിറ്റ്‌സർലണ്ടിനെ അണ്ടർ 16, അണ്ടർ 20, അണ്ടർ 21 ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള എംബോളോ ഇരുപത്തിയഞ്ചാം വയസിൽ തന്നെ അറുപതു മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചു. പന്ത്രണ്ടു ഗോളുകളും താരം നേടിയിട്ടുണ്ട്. ദേശീയ ടീമിനായി തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും ഇന്നത്തെ മത്സരത്തോടെ എംബോളോ സ്വന്തമാക്കി.