ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലയുറപ്പിച്ച് സൂര്യകുമാർ യാദവ്

ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം അരകെട്ടിട്ടുറപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ച്വറി നേടിയതോടെയാണ് സൂര്യകുമാര്‍ യാദവിന് മികച്ച റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനായത്.
ഐസിസി റാങ്കിങില്‍ 890 റേറ്റിങ് പോയിന്റോടെയാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാക് ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്വാനേക്കാള്‍ 54 പോയിന്റിന് മുന്‍പിലാണ് സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളിലാണ്. ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രമാണ് അഞ്ചാമത്.
ബൗളര്‍മാരില്‍ ലങ്കയുടെ വനിന്ദു ഹസരങ്കയും അഫ്‌ഗാന്‍റെ റാഷിദ് ഖാനും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് 11-ാം സ്ഥാനത്തെത്തി. ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് 21-ാം സ്ഥാനത്തേക്കുയര്‍ന്നു. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നും അഫ്‌ഗാന്‍റെ മുഹമ്മദ് നബി രണ്ടും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും സ്ഥാനങ്ങളിലാണ്.
2022ല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ട്വന്‍റി 20 റണ്‍സ് നേടിയ താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. രണ്ട് സെഞ്ചുറികളും 9 ഫിഫ്റ്റികളും സഹിതം 187.43 സ്ട്രൈക്ക് റേറ്റിലും 46.56 ശരാശരിയിലും സൂര്യ 1164 റണ്‍സ് നേടി. ഐസിസി ടി20 ലോകകപ്പില്‍ 239 റണ്‍സ് നേടിയ സൂര്യ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം 124 റണ്‍സാണ് സ്വന്തമാക്കിയത്.