ട്വന്‍റി 20 റാങ്കിങ്; ഒന്നാംസ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്

ദുബായ്: ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. സൂര്യയുടെ റേറ്റിംഗ് പോയിന്‍റ് താഴ്ന്നെങ്കിലും ഒന്നാം സ്ഥാനം നിലനിർത്താനായി. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ രണ്ടാം സ്ഥാനത്തും നായകന്‍ ബാബര്‍ അസം ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേയെ മറികടന്ന് മൂന്നാം സ്ഥാനത്തുമെത്തി.
ടി20 ലോകകപ്പിൽ അഞ്ച് ഇന്നിംഗ്‌സില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 59.75 ശരാശരിയിലും 189.68 സ്ട്രൈക്ക് റേറ്റിലും സൂര്യകുമാര്‍ യാദവ് 239 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യയുടെ വിരാട് കോഹ്ലിക്കും നെതര്‍ലന്‍ഡ്‌സിന്‍റെ മാക്‌സ് ഒഡൗഡിനും പിറകിലായി ലോകകപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു സൂര്യ.
ഇംഗ്ലണ്ടിന്‍റെ കിരീടധാരണത്തില്‍ നിര്‍ണായകമായ താരങ്ങളിലൊരാളായ സ്‌പിന്നര്‍ ആദില്‍ റഷീദ് അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് ബൗളര്‍മാരില്‍ മൂന്നാമതെത്തി. ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ ലങ്കന്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ രണ്ടാമതും ഓസീസിന്‍റെ ജേഷ് ഹേസല്‍വുഡ് നാലും സ്ഥാനത്ത് നില്‍ക്കുന്നു. കലാശപ്പോരില്‍ പാകിസ്ഥാനെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച വെച്ച സാം കറന്‍ അഞ്ചാമതെത്തി.
അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാന്‍റെ മുഹമ്മദ് നബിയും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നു. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ നാലാമതെത്തി.