LogoLoginKerala

സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ പുറത്ത്

 
coach
സ്പെയിൻ അണ്ടർ 21 ടീം പരിശീലകൻ ലൂയിസ് ഡെ ല ഫുന്റെയെ സ്പെയിനിന്റെ പുതിയ പരിശീലകനായി തിരഞ്ഞെടുത്തു

ഫിഫ ലോകകപ്പ് നോക്ക് ഔട്ട് റൗണ്ടിൽ കടക്കാതെ സ്പെയിൻ പുറത്തായതിന് പിന്നാലെ പരിശീലകൻ ലൂയിസ് എൻറിക്കിനെ ഒഴിവാക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റായിരുന്നു സ്പെയിൻ പുറത്തായത്. തോൽവിക്ക് താൻ ഉത്തരവാദിയാണെന്ന് മത്സരശേഷം 52 കാരനായ കോച്ച് പറഞ്ഞിരുന്നു.

2018ൽ ടീമിന്റെ പരിശീലകനായി നിയമിതനായ എൻറിക്വെയ്ക്ക് വർഷാവസാനം വരെ കരാർ ഉണ്ടായിരുന്നു. എൻറികെയുടെ ഫുട്ബോൾ ശൈലി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു‌. ലോകകപ്പ് ടീമിൽ അദ്ദേഹം റാമോസിനെ പോലുള്ള താരങ്ങളെ തഴഞ്ഞതും ചർച്ചാ വിഷയമായിരുന്നു. കഴിഞ്ഞ യൂറോ കപ്പിൽ സ്പെയിനിന്റെ യുവ ടീമിനെ സെമി വരെ എത്തിക്കാൻ എൻറികെയ്ക്ക് ആയിരുന്നു. മുൻ ബാഴ്സലോണ പരിശീലകൻ ഇനി ക്ലബ് ഫുട്ബോളിലേക്ക് മടങ്ങി പോകാനാണ് സാധ്യത.

അതേസമയം ലൂയിസ് എൻറിക്വെയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ സ്പെയിൻ അണ്ടർ 21 ടീം പരിശീലകൻ ലൂയിസ് ഡെ ല ഫുന്റെയെ സ്പെയിനിന്റെ പുതിയ പരിശീലകനായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുത്തു.