LogoLoginKerala

ക്വാർട്ടർ ലക്ഷ്യമിട്ട് സ്പെയിനും മൊറോക്കോയും കളത്തിൽ

 
spain vs morocco
2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ വന്നപ്പോൾ 2-2 സമനിലയിലാണ് കളി അവസാനിച്ചത്

ക്വാർട്ടർ ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് മൊറോക്കോയും സ്പെയിനും ഇന്ന് ഖത്തറിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമിന്റെയും മനസ്സിലുണ്ടാവില്ല. വിജയിക്കാൻ തന്നെ ആകും പോരാടുക എന്ന് മൊറോക്കോ പരിശീലകൻ വാലിദ്‌ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

തങ്ങൾ ഒരു വിജയിയുടെ മനോഭാവത്തോടെ ആകും മത്സരത്തിലേക്ക് വരുകയെന്നും മൊറോക്കൻ പതാക ഉയരത്തിൽ ഉയർത്താൻ തങ്ങൾ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്തിനൊപ്പം എല്ലാ അറബികൾക്കും ആഫ്രിക്കക്കാർക്കും വേണ്ടിയാകും മൊറോക്കോ പൊരുതുന്നത്‌. അവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അവരുടെ പ്രാർത്ഥനയും പിന്തുണയും വേണമെന്നും വാലിദ് കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് സ്റ്റേജിൽ ബെൽജിയത്തിനും കാനഡയ്‌ക്കുമെതിരായ ജയമുൾപ്പെടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തിയ മൊറോക്കോ ഉയർന്ന ആവേശത്തിലാണ്. എന്നാൽ സ്പെയിൻ ടൂർണമെന്റിലെ ശക്തമായ തുടക്കത്തിന് ശേഷം ജപ്പാനെതിരെ ഞെട്ടിക്കുന്ന തോൽവിയും വഴങ്ങി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. മൊറോക്കോയെ സംബന്ധിച്ചിടത്തോളം, പിഎസ്ജി താരം അക്രഫ് ഹക്കിമിയിൽ ആയിരിക്കും മൊറോക്കോയുടെ പ്രതീക്ഷ. അതേസമയം, ബാഴ്‌സലോണ താരങ്ങളായ പെഡ്രിയുടെയും ഗവിയുടെയും മിഡ്ഫീൽഡ് കോമ്പിനേഷനിൽ മൊറോക്കോ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇരുവരുമാണ് സ്പെയിനിന്റെ മധ്യനിരയിൽ ചുക്കാൻ വലിക്കുന്നത്.

ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ ലോകകപ്പ് കൂടിക്കാഴ്ചയാണിത്. ഇതിനുമുന്നെ 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ വന്നപ്പോൾ 2-2 സമനിലയിലാണ് കളി അവസാനിച്ചത്. അതേസമയം 1958ലെ ഫൈനലിൽ ബ്രസീലിന്റെ പെലെയ്ക്ക് (17 വയസ്സ് 249 ദിവസം) ശേഷം ലോകകപ്പിൽ നോക്കൗട്ട് സ്റ്റേജ് ഗെയിം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സ്പെയിനിന്റെ യുവതാരം ഗവി (18 വയസ്സ് 123 ദിവസം).

ടീം ലൈനപ്പ് :

Morocco: Bounou, Hakimi, Aguerd, Saiss (c), Mazraoui, Ounahi, Amrabat, Amallah, Ziyech, En-Nesyri, Boufal

Spain: Simon, Alba, Laporte, Rodri, Llorente, Pedri, Busquets (c), Gavi, Olmo, Asensio, Torres