LogoLoginKerala

ഐഎസ്എൽ കമന്ററി ബോക്സിൽ 500 മത്സരങ്ങൾ തികച്ച് ഷൈജു ദാമോദരൻ

 
shaiju

2018 ലോകകപ്പിൽ സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 87-ാം മിനിറ്റിലെ ഫ്രീ-കിക്ക് ഗോളിന്റെ ഷൈജുവിന്റെ കമന്ററി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

കൊച്ചി: മലയാളികളുടെ ഫുട്ബോൾ ആരവങ്ങൾക്ക് എന്നും ശബ്ദം പകർന്നു നൽകിയിട്ടുള്ള വ്യക്തിയാണ് സ്പോർട്സ് ജേർണലിസ്റ്റും ഐഎസ്എൽ കമന്റേറ്ററുമായ ശ്രീ ഷൈജു ദാമോദരൻ. ഇപ്പോളിതാ ഒരു ചരിത്ര നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഐഎസ്എൽ കമന്ററി ബോക്സിൽ 500 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ വ്യക്തിയായിരിക്കുകയാണ് ഷൈജു ദാമോദരൻ. തന്നെ നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകർക്കായി സമർപ്പിച്ചിരിക്കുകയാണ് ഷൈജു ഈ സുവർണ നേട്ടം. 

2012-ലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണിൽ സ്‌പോർട്‌സ് കമന്റേറ്ററായാണ് ഷൈജു തന്റെ കരിയർ ആരംഭിച്ചത്. പിന്നീടുള്ള രണ്ടു സീസണുകൾ കൂടി സിസിഎൽ കമന്റേറ്ററായി തുടർന്ന ഷൈജുവിനെ ഐഎസ്എൽ ന്റെ ഉദ്ഘാടന സീസണിൽ മലയാളത്തിലെ പ്രമുഖ കമന്റേറ്ററായി തിരഞ്ഞെടുക്കുകയായിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഐഎസ്എല്ലിൽ കമന്റേറ്ററായി 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി. 2015 ഐസിസി ക്രിക്കറ്റ് ലോകകപ്പിലും 2017 ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലും ഷൈജു കമന്റേറ്റർ ആയിരുന്നു.

പിന്നീട് 2018-ൽ സോണി ഇഎസ്പിഎൻ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിന്റെ പ്രമുഖ മലയാളം കമന്റേറ്ററായി ഷൈജുവിനെ നിയമിച്ചു. ഒരു ഫിഫ ലോകകപ്പിന്റെ ആദ്യ മലയാള കമന്ററിയായിരുന്നു അത്. 2018 ലോകകപ്പിൽ സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 87-ാം മിനിറ്റിലെ ഫ്രീ-കിക്ക് ഗോളിന്റെ ഷൈജുവിന്റെ കമന്ററി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എഎഫ്‌സി ഏഷ്യൻ കപ്പിലും ഇന്ത്യയുടെ അനേകം സൗഹൃദ ഫുട്ബോൾ മത്സരങ്ങളിലൂടെയും ഷൈജുവിന്റെ ശബ്ദം ഫുട്ബോൾ പ്രേമികളുടെ കാതുകളിലേക്ക് എത്തി. പല ഭാഷകളിലൂടെയും സിനിമ ഡയലോഗുകളിലൂടെയും തന്റേതായ ശൈലിയിൽ ആരാധകരെ ത്രസിപ്പിച്ച് കമന്ററി പറയുന്ന കഴിവാണ് ഷൈജു ദാമോദരൻ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്.