2027 എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യയിൽ
എഎഫ്‌സി ഏഷ്യൻ കപ്പ് 2027ന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഹോസ്റ്റ് സെലക്ഷൻ പ്രക്രിയയിൽ നിന്ന് പിന്മാറിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
“എഎഫ്‌സി ഏഷ്യൻ കപ്പ് പോലുള്ള വലിയ ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ശരിയായ ഫുട്ബോൾ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ആണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ,” എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. “ഇന്ത്യ എല്ലായ്പ്പോഴും വലിയ ടൂർണമെന്റുകൾക്ക് ഒരു അത്ഭുതകരവും കാര്യക്ഷമവുമായ ആതിഥേയരായിരുന്നു, അത് അടുത്തിടെ സമാപിച്ച FIFA U-17 വനിതാ ലോകകപ്പിലും കാണാൻ ആയി. എന്നിരുന്നാലും, ഫെഡറേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം നമ്മുടെ ഫുട്ബോളിനെ താഴേത്തട്ടിൽ നിന്ന് വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിലാണ്"- എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചോബെ പറഞ്ഞു.
നേരത്തെ ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ലേലങ്ങൾ ഒക്ടോബറിൽ എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ പിന്മാറിയതിന് പിന്നാലെ 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ സൗദി അറേബ്യ മാത്രമായതോടെയാണ് ആതിഥേയത്വം വഹിക്കാൻ സൗദിക്ക് കഴിഞ്ഞത്. ഫെബ്രുവരിയിൽ നടക്കുന്ന പ്രാദേശിക കോൺഗ്രസിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ആതിഥേയത്വം വഹിക്കാൻ ചൈന പിൻമാറിയതോടെ 2023ലെ ഏഷ്യൻ കപ്പ് ഖത്തറിൽ നടക്കും. നിലവിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ ഇതിനകം രണ്ട് തവണ ഏഷ്യൻ കപ്പിന് വേദിയായിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ശക്തരായ അർജന്റീനയ്‌ക്കെതിരെ 2-1 അട്ടിമറി വിജയം നേടിയ സൗദി അറേബ്യ വലിയ ആത്മവിശ്വാസത്തിലായിരിക്കും ടൂർണമെന്റിന് ഒരുങ്ങുന്നത്.