LogoLoginKerala

കടുവകളെ കൂട്ടിലാക്കി രോഹിതും സംഘവും; ആവേശകരമായ ജയത്തോടെ സെമി സാധ്യത സജീവമാക്കി ഇന്ത്യ

 
team india
185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം മഴ തടസ്സപെടുത്തിയതോടെ 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു

അഡ്‌ലൈഡ്: മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ച് റൺസിന്റെ ജയത്തോടെ സെമി സാധ്യത സജീവമാക്കി ഇന്ത്യ. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം മഴ തടസ്സപെടുത്തിയതോടെ 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്റെ കരുത്തിൽ ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഇതിനിടെ 21 പന്തിൽ ലിറ്റൻ ദാസ് അർദ്ധസെഞ്ചുറി തികച്ചു. എന്നാൽ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. തുടർന്ന് വിജലക്ഷ്യം 151 റൺസാക്കി ചുരുക്കി കളി തുടങ്ങിയെങ്കിലും എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്‍റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. 

ലിറ്റൻ ദാസ് പുറത്തായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. 10-ാം ഓവറിൽ ഹൊസൈന്‍ ഷാന്‍റോയെ മുഹമ്മദ് ഷമി സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ പിടിമുറുക്കി. 12-ാം ഓവറിൽ അർഷ്ദീപ് സിംഗിന്റെ ആദ്യ പന്തില്‍ അഫീഫ് ഹൊസൈനും (5 പന്തില്‍ 3) അഞ്ചാം പന്തില്‍ ക്യാപ്റ്റൻ ഷാക്കിബ് അല്‍ ഹസനും (12 പന്തില്‍ 13) വീണു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ യാസിർ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും (3 പന്തില്‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരം മുറുകി. നൂറുൽ ഹസനും ടസ്കിന്‍ അഹമ്മദും പുറത്താവാതെ പൊരുതിയെങ്കിലും അർഷ്ദീപിൻറെ അവസാന ഓവറിൽ ഇന്ത്യ ആവേശകരമായ ജയം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 184 റണ്‍സെടുത്തത്. നാ‍യകൻ രോഹിത് ശർമയെ (8 പന്തിൽ 2 റൺസ്) തുടക്കം തന്നെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്‌ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. കോഹ്‌ലി 44 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു.