LogoLoginKerala

ക്രിസ്റ്റ്യാനോ ഇല്ലാതെ പോർച്ചുഗൽ; ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ തകർപ്പൻ ജയം

 
fifa
വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്

ത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ പട്ടികയിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്.

ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിലൂടെ 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. 35ആം മിനിട്ടിൽ ബെർണാഡോ സിൽവയുടെ ക്രോസിൽ നൈജീരിയൻ താരത്തിൻ്റെ കൈ തട്ടിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ രണ്ടാം ഗോൾ  നേടി. രണ്ടാം പകുതിയിൽ നൈജീരിയക്ക് ലഭിച്ച പെനാൽറ്റി ഇമ്മാനുവൽ ഡെന്നിസ് പാഴാക്കിയതിനു പിന്നാലെ റാഫേൽ ഗുറേറോയുടെ അസിസ്റ്റിൽ നിന്ന് അരങ്ങേറ്റക്കാരനായ ഗോൺസാലോ റാമോസ് പോർച്ചുഗലിൻ്റെ മൂന്നാം ഗോൾ നേടി. രണ്ട് മിനിട്ടിനകം ഗോൺസാലോ റാമോസിന്റെ അസിസ്റ്റിൽ ജാവോ മരിയോയിലൂടെ പോർച്ചുഗൽ നാലാം ഗോൾ നേടി ഗോൾ പട്ടിക തികച്ചു. 

ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നീട് ടീമുകൾക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 24ന് ഘാനക്കെതിരെയാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. 29ന് ഉറുഗ്വെയെയും ഡിസംബർ 2ന് ദക്ഷിണ കൊറിയയെയും പോർച്ചുഗൽ നേരിടും.